പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടത്തോവെച്ച് സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ല : ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടത്തോവെച്ച് സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവായി.
വീടിന് മുന്നിൽ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയും ചെയ്തെന്ന കേസിൽ നോർത്ത്പറവൂർ സ്വദേശിക്കെതിരെയുള്ള കുറ്റങ്ങൾ ഭാഗികമായി റദ്ദാക്കിയാണ് ഉത്തരവ്. പരാതിയിൽ പറയുന്ന ആംഗ്യങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും നടപടി തുടരാമെന്നും വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2022 മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ പ്രതിയും മറ്റൊരാളും സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അത് ചോദ്യം ചെയ്തപ്പോൾ അശ്ലീല ആംഗ്യങ്ങൾ കാണിച്ചുവെന്നുമാണ് കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ മൊബൈലിൽ നിന്ന് ഫോട്ടോ കണ്ടെടുത്തിട്ടില്ലെന്നും പരാതിക്കാരിക്കുള്ള മുൻ വിരോധമാണ് കേസിന് കാരണമെന്നും വാദിച്ചു.
ആരുടേയും നിരീക്ഷണമില്ലെന്ന് കരുതുന്നിടത്ത് വച്ച് സ്ത്രീയുടെ വിവസ്ത്രമായ അവയവങ്ങളോ പ്രവൃത്തികളോ പകർത്തുന്നതാണ് ഐപിസി 354സി പ്രകാരം കുറ്റകരമെന്ന് കോടതി വ്യക്തമാക്കി. വീടിന് മുന്നിൽ നിൽക്കുന്നയാളുടെ ഫോട്ടോയെടുത്തത് ഈ നിർവചനത്തിൽ വരില്ല. അതേസമയം അശ്ലീല ചേഷ്ടകൾ കാണിച്ചത് ഐപിസി 509 പ്രകാരം കുറ്റകരമാണെന്നും ഉത്തരവായി