play-sharp-fill
ആടിയുലഞ്ഞ് ക്രൂഡോയിൽ; രാജ്യത്ത് പെട്രോൾ ഡീസൽ വില ഒന്ന് അനങ്ങിയിട്ട് 70 ദിവസം

ആടിയുലഞ്ഞ് ക്രൂഡോയിൽ; രാജ്യത്ത് പെട്രോൾ ഡീസൽ വില ഒന്ന് അനങ്ങിയിട്ട് 70 ദിവസം

സ്വന്തം ലേഖകൻ

കൊച്ചി: കഴിഞ്ഞ നവംബർ മൂന്നിനാണ് കേന്ദ്രസർക്കാർ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് പത്തുരൂപയും എക്‌സൈസ് നികുതി കുറച്ചത്. അന്നുമുതൽ ഇതുവരെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോൾ, ഡീസൽവില പരിഷ്‌കരിച്ചിട്ടുമില്ല. സംസ്ഥാനത്ത് പെട്രോൾ വില 106.36 രൂപയിലും ഡീസൽവില 93.47 രൂപയിലും (തിരുവനന്തപുരം വില) നിശ്ചലമായിട്ട് 70 ദിവസമായി.ഇക്കാലയളവിൽ രാജ്യാന്തര ക്രൂഡോയിൽ വില നേരിട്ടത് കനത്ത ചാഞ്ചാട്ടമാണ്.


എന്നാൽ, ഇന്ത്യയിൽ വില പരിഷ്‌കരിക്കാൻ എണ്ണക്കമ്പനികൾ മുതിർന്നില്ല. നവംബർ മൂന്നിന് ക്രൂഡോയിൽ വില (ഡബ്ള്യു.ടി.ഐ) ബാരലിന് 80.86 ഡോളറായിരുന്നു. ഡിസംബർ ഒന്നിന് വില 65.57 ഡോളർവരെ താഴ്‌ന്നു. ഇപ്പോൾ വില 82.33 ഡോളർ.ബ്രെന്റ് ക്രൂഡ് വില നവംബർ മൂന്നിലെ 81.99 ഡോളറിൽ നിന്ന് ഡിസംബർ ഒന്നിന് 68.87 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. 84.64 ഡോളറിലായിരുന്നു ഇന്നലെ വ്യാപാരം. ഇന്ത്യ വൻതോതിൽ വാങ്ങുന്നത് ബ്രെന്റ് ക്രൂഡാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) ബാരലിന് 83.65 ഡോളറായിരുന്നു നവംബർ മൂന്നിന്. ഡിസംബർ ഒന്നിന് വില 71.32 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായില്ല. ഇന്നലെ ഇന്ത്യൻ ബാസ്‌കറ്റുള്ളത് 83.28 ഡോളറിലാണ്.

രാജ്യാന്തര വിലയിൽ ചാഞ്ചാട്ടം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ ചാഞ്ചാട്ടമാണ് രാജ്യാന്തര ക്രൂഡോയിൽ വിലയിലുള്ളത്. പ്രധാന വിപണിയായ അമേരിക്കയിൽ സമ്പദ്സ്ഥിതി വീണ്ടും മോശമാകുന്നതാണ് പ്രധാനകാരണം. പുതിയ തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതാണ് മുഖ്യ തിരിച്ചടി. കൊവിഡിന്റെ പുതിയ വകഭേദങ്ങൾ സമ്പദ്പ്രവർത്തനങ്ങളെ ഉലയ്ക്കുമെന്ന വിലയിരുത്തലും ഭീഷണിയാകുന്നു. വരുംനാളുകളിലും ക്രൂഡ് വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

നിയമസഭാ തിരഞ്ഞെടുപ്പും പെട്രോൾ, ഡീസൽ വിലയും

കഴിഞ്ഞമാസങ്ങളിലെ രാജ്യാന്തര ക്രൂഡ് വിലയുടെ ട്രെൻഡ് പരിഗണിച്ചാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽവില കുറയേണ്ടതായിരുന്നു. എന്നാൽ, രാജ്യാന്തര വിലക്കുറവ് എണ്ണവിതരണ കമ്പനികൾ പരിഗണിച്ചില്ല.

ഇന്ത്യയുടെ വാങ്ങൽവില കഴിഞ്ഞദിവസങ്ങളിൽ ഉയർന്നിട്ടുണ്ട്. എന്നാൽ, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ഏറെ നിർണായകമായ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ അടക്കം അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, തത്കാലം പെട്രോൾ, ഡീസൽ വില കൂട്ടാൻ കമ്പനികൾ മുതിർന്നേക്കില്ല; പകരം വിലകുറയ്ക്കാൻ സാദ്ധ്യതയുമുണ്ട്.

ബാദ്ധ്യത കുറഞ്ഞിട്ടും വില കുറയ്ക്കുന്നില്ല

പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ക്രൂഡോയിൽ വാങ്ങാൻ ചെലവിടുന്ന ശരാശരി തുക നവംബർ മൂന്നിൽ നിന്ന് ഇതുവരെ എട്ട് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഡിസംബർ 15വരെയുള്ള കണക്കുപ്രകാരം ബാദ്ധ്യത കുറഞ്ഞത് 12 ശതമാനമാണ്. പക്ഷേ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ കമ്പനികൾ തയ്യാറായില്ല.

ക്രൂഡോയിൽ വില

നവംബർ 10ന് ബാരലിന് നൽകിയ വില : 6,234.94.
ഡിസംബർ 15ന് നൽകിയ വില : 5,490.79.
നവംബർ മൂന്ന് മുതൽ ഇപ്പോഴും പെട്രോളിന്റെ അടിസ്ഥാനവില : 47.93/ലിറ്റർ.
ഡീസലിന്റെ അടിസ്ഥാനവില : 49.33/ലിറ്റർ.