ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടരുത്; ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് സജിമോൻ പറയിൽ

ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടരുത്; ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് സജിമോൻ പറയിൽ

തിരുവനന്തപുരം: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. നിർമാതാവ് സജിമോൻ പറയിൽ ആണ് ഹർജി നൽകിയത്.

റിപ്പോർട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഉത്തരവിന് മേലുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


ആർ.ടി.ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നാണ് കമ്മിഷൻ നിർദ്ദേശം. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് മൂന്നുമണിക്ക് സാംസ്കാരിക വകുപ്പ് റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്നാണ് അറിയുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകില്ല എന്നാണ് വിവരം. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇത് പുറത്തുവിട്ടിരുന്നില്ല.

നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. നടിമാരടക്കം സിനിമാമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു കമ്മിറ്റി പഠിച്ചത്.

മുൻനിര നായികമാർ മുതൽ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ വരെ കമ്മിറ്റിക്കുമുന്നിൽ മൊഴി നൽകിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഡബ്ള്യൂ.സി.സി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതോടെയാണ് ജസ്റ്റിസ് ഹേമ കമ്മിഷനെ നിയമിച്ചത്.