കനത്ത മഴയിൽ മൂന്ന് നില കെട്ടിടം തകർന്നു വീണു ; സ്ത്രീയ്ക്കും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം
അഹമ്മദാബാദ് : ഗുജറാത്തില്‍ കനത്ത മഴയെ തുടർന്ന് മൂന്ന് നില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു. 65 വയസുള്ള സ്ത്രീയും ഇവരുടെ രണ്ട് പേരക്കുട്ടികളുമാണ് മരിച്ചത്.
ദ്വാരക ജില്ലയിലെ ദേവ്ഭൂമിക്കടുത്ത് ജാം ഖംബാലിയ ടൗണിലാണ് അപകടമുണ്ടായത്. ഗുജറാത്തിയ സൗരാഷ്ട്ര മേഖലയില്‍ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
ചൊവ്വാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. കാലപ്പഴക്കം ചെന്ന കെട്ടിടം കനത്ത മഴയില്‍ തകർന്നു വീഴുകയായിരുന്നു. കെശർബെൻ കഞ്ചാരിയ (65), പ്രിതിബെൻ കഞ്ചാരിയ (15), പായല്‍ബെൻ കഞ്ചാരിയ (18) എന്നിവരാണ് മരിച്ചത്. ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാൻ സാധിച്ചത്. വൈകുന്നേരം തുടങ്ങിയ തെരച്ചില്‍ അർദ്ധരാത്രി വരെ നീണ്ടു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന പൊലീസ്, അഗ്നിശമന സേന എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥർ അവശിഷ്ടങ്ങള്‍ നീക്കിയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി പ്രദേശത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.