പെറ്റ് ഷോപ്പില്‍ നിന്ന് മോഷ്ടിച്ച് ഹെല്‍മെറ്റിനുള്ളില്‍ വെച്ച് കടത്തിയത് 15,000 രൂപയുടെ നായ്ക്കുട്ടിയെ; മറ്റൊരു പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുള്ള തീറ്റയും മോഷ്ടിച്ചു; യുവതിക്കും യുവാവിനുമായി അന്വേഷണം ഊര്‍ജിതം
സ്വന്തം ലേഖിക
കൊച്ചി: പെറ്റ് ഷോപ്പില്‍ നിന്നു നായ്‌ക്കുട്ടിയെ മോഷ്ടിച്ചവര്‍ക്കായി അന്വേഷണം.
15,000 രൂപ വിലയുള്ള നായയെ ആണ് യുവതിയും യുവാവും ചേര്‍ന്ന് എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍നിന്നു മോഷ്ടിച്ചത്.
ഹെല്‍മെറ്റിനുള്ളില്‍ വെച്ചാണ് ഇവര്‍ നായയെ കടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പില്‍ നിന്ന് ഇരുവരും നായ്ക്കുള്ള തീറ്റയും മോഷ്ടിച്ചു. സംഭവത്തില്‍ പനങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി.
ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. പൂച്ചയെ വാങ്ങുമോ എന്ന അന്വേഷണവുമായാണ് യുവതിയും യുവാവും ബൈക്കില്‍ നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്.
കടയിലെ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോള്‍ കൂട്ടിലടച്ചിരുന്ന നായ്‌ക്കുട്ടിയെ യുവതി എടുക്കുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന ഹെല്‍മറ്റിലേക്ക് വയ്ക്കുകയുമായിരുന്നു. ഇടപ്പള്ളി സ്വദേശിയില്‍ നിന്നു കടയുടമ കഴിഞ്ഞ ദിവസം വാങ്ങിച്ച സ്വിഫ്റ്റ് ഇനത്തില്‍പെട്ട മൂന്നു നായ്ക്കുട്ടികളില്‍ ഒന്നിനെയാണ് കൊണ്ടുപോയത്.
ആലപ്പുഴ സ്വദേശിക്കു വില്‍ക്കുന്നതിനായാണ് രണ്ടു നായ്ക്കുട്ടികളെ കടയില്‍ കൊണ്ടുവന്നത്.
യുവതിയും യുവാവും കടയില്‍ നിന്നു പോയതിനു പിന്നാലെ നായ്‌ക്കുട്ടിയെ വാങ്ങിക്കുന്നതിന് ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
ഓടിപ്പോയെന്ന നിഗമനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. അപ്പോഴാണ് യുവതിയും യുവാവും നായ്‌ക്കുട്ടിയെ മോഷ്ടിച്ചെന്ന വിവരം മനസ്സിലാക്കിയത്.
ഇവര്‍ പോയ വഴിയിലെ മറ്റു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലുള്ള മറ്റൊരു ഷോപ്പില്‍ നിന്നു നായയ്ക്കുള്ള തീറ്റയും മോഷ്ടിച്ചെന്നു കണ്ടുപിടിച്ചത്. ഇതിനു പിന്നാലെ കടയുടമ പനങ്ങാട് പൊലീസില്‍ പരാതി നല്‍കി.
തുടര്‍ച്ചയായി പല സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനാല്‍ സ്ഥിരം കുറ്റവാളികളാണ് മോഷ്ണത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.