ഭീതി വിതയ്ക്കുന്ന സംസാരം, വിദ്വേഷത്തിന് ശ്രമം; പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജിന്‍റെ  അറസ്റ്റ് രേഖപ്പെടുത്തി;അറസ്റ്റ് രേഖപ്പെടുത്തിയത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

ഭീതി വിതയ്ക്കുന്ന സംസാരം, വിദ്വേഷത്തിന് ശ്രമം; പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി;അറസ്റ്റ് രേഖപ്പെടുത്തിയത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

സ്വന്തം ലേഖിക

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗം നടത്തിയ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്.

മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെുത്തിരിക്കുന്നത്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ഡിജിപി അനിൽ കാന്തിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദവനം എ ആര്‍ ക്യാമ്പിലെത്തിച്ചു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.

കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു. മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു,

മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ പറഞ്ഞിരുന്നു.