തിരുവല്ലയിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചു

തിരുവല്ലയിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചു

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ചു. തിരുവല്ല വെസ്റ്റ് വെൺപാല 22ൽ രാജൻ (67) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പനിയെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട രാജനെ ബന്ധുക്കളാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡ്യൂട്ടി ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് പോയി.

ഓക്സിജൻ മാസ്ക് ധരിച്ചിരുന്ന രാജന് വാഹനം പുറപ്പെട്ട് മിനിറ്റുകൾക്കകം ശ്വാസതടസ്സം അനുഭവപ്പെട്ടു. തനിക്ക് ശ്വസിക്കാൻ കഴിയുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്ന മകൻ ഗിരീഷിനെ രാജൻ അറിയിച്ചു. ഇക്കാര്യം ആംബുലൻസ് ഡ്രൈവറെ അറിയിച്ചെങ്കിലും ഡ്രൈവർ വാഹനം നിർത്താൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. തകഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ വാഹനം നിർത്തിയില്ലെന്ന് ഇവർ പറഞ്ഞു. വണ്ടാനം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജൻ മരിച്ചിരുന്നു.

രാജനെ കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് ആംബുലൻസ് ഡ്രൈവർ വാഹനത്തിലെ ഓക്സിജൻ സിലിണ്ടർ മാറ്റിയതായും ബന്ധുക്കൾ ആരോപിച്ചു. രാജന്‍റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഓക്സിജന്‍റെ അഭാവമാണ് മരണകാരണമെന്നാണ് മെഡിക്കൽ കോളേജിന്‍റെ റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group