ഏതോ പെണ്ണിനെ കാണാന്‍ വന്നതാണെന്ന്   ആരോപണം; വീട്ടിലേക്ക് നടന്നു പോയ യുവാവിന് നേരെ സദാചാര ഗുണ്ടായിസം; പത്തനംതിട്ടയിൽ രണ്ട് പേർ പിടിയിലാകുമ്പോൾ…!

ഏതോ പെണ്ണിനെ കാണാന്‍ വന്നതാണെന്ന് ആരോപണം; വീട്ടിലേക്ക് നടന്നു പോയ യുവാവിന് നേരെ സദാചാര ഗുണ്ടായിസം; പത്തനംതിട്ടയിൽ രണ്ട് പേർ പിടിയിലാകുമ്പോൾ…!

സ്വന്തം ലേഖിക

പത്തനംതിട്ട: രാത്രി വീട്ടിലേക്ക് നടന്നു പോയ യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം.

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി വണ്ടി കിട്ടാതെ നടന്നു പോയ മഹേഷി(34) നാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ പന്തളം ചെന്നായിക്കുന്ന് തേങ്ങുവിളയില്‍ രാജേന്ദ്രന്റെ മകന്‍ ഉണ്ണി (25), ചെന്നായിക്കുന്ന് പടിഞ്ഞാറേചരുവില്‍ വീട്ടില്‍ നിന്നും ചെന്നീര്‍ക്കര മാത്തൂര്‍ കയ്യാലെത്ത് മേമുറിയില്‍ ഇപ്പോള്‍ താമസം ആനന്ദന്റെ മകന്‍ അരുണ്‍ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റ യുവാവ് ചികില്‍സയിലാണ്. ജൂലൈ 12 രാത്രി 10.30 ന് ശേഷമാണ് സംഭവം. അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ രാത്രി 8.30 ന് എത്തിയ മഹേഷ് ബസ് കിട്ടാത്തതിനാല്‍ കുടമുക്കിലുള്ള സഹോദരിയുടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. ചെന്നായ്ക്കുന്ന് എന്ന സ്ഥലത്തു ചെന്നപ്പോള്‍ അവിടെ കലുങ്കില്‍ ഇരുന്ന മൂന്നുപേര്‍ തടഞ്ഞ് ചോദ്യം ചെയ്തു. ചെന്നായിക്കുന്നിലെ ആരെ അറിയാമെന്നായിരുന്നു ആദ്യ ചോദ്യം. ജയക്കുട്ടന്‍ എന്നയാളെയും സ്ഥലം മെമ്പറെയും അറിയാമെന്ന് മഹേഷ് മറുപടി കൊടുത്തു.

തുടര്‍ന്ന് ഏതോ പെണ്ണിനെ കാണാന്‍ വന്നതാണെന്ന് ആരോപിച്ചായിരുന്നു യുവാവിന് നേരെ മര്‍ദ്ദനം. പ്രതികള്‍ ഇയാളെ ബൈക്കില്‍ കയറ്റി ജയക്കുട്ടന്റെ വീടിന് സമീപം എത്തിച്ച ശേഷം ഫോട്ടോ മൊബൈലില്‍ പകര്‍ത്തി ജയക്കുട്ടനെ കൊണ്ടുപോയി കാണിച്ചു. തിരിച്ചു വന്നിട്ട് ദേഹോപദ്രവം തുടര്‍ന്നു. ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കും മൂക്കിനും പുറത്തും അടിച്ച്‌ താഴെയിട്ടു. ചവിട്ടുകയും ഇടതുകൈ പിടിച്ചു തിരിക്കുകയും ചെയ്തു.

വീണ്ടും ബൈക്കില്‍ കയറ്റി വിജനമായ സ്ഥലത്തുപോയി മര്‍ദ്ദനം തുടര്‍ന്നു.
നിലവിളിച്ച യുവാവിനെ മര്‍ദ്ദന വിവരം മെമ്പറോട് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മണിക്കൂറുകളോളം മര്‍ദ്ദനം തുടര്‍ന്നു. ഇടതുകാലിലും വലതുകൈ മുട്ടിലും വലത് കണ്ണിന്റെ ഭാഗത്തും മുറിവേറ്റ യുവാവിന്റെ മൂക്കിന്റെ പാലത്തിനു പൊട്ടലുമുണ്ടായി. ഇയാളുടെ മൊഴിപ്രകാരം കേസെടുത്ത കൊടുമണ്‍ പൊലീസ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചു.

ശനിയാഴ്ച ഉച്ചയോടെ ഉണ്ണിയെ കൊടുമണില്‍ നിന്നും അരുണിനെ അടൂര്‍ സെന്‍ട്രല്‍ ടോളിനടുത്തു നിന്നും പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടി. ഒന്നും മൂന്നും പ്രതികളാണ് അറസ്റ്റിലായത്. രണ്ടാം പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ പിടിച്ചെടുത്തു.

ഒന്നാം പ്രതി ഉണ്ണി കൊടുമണ്‍ സ്റ്റേഷനിലെ വേറെ രണ്ട് ദേഹോപദ്രവ കേസുകളില്‍ പ്രതിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പൊലീസ് ഇന്‍സ്പെക്ടര്‍ വി എസ് പ്രവീണിനൊപ്പം എസ്‌ഐ മനീഷ്, എസ്.സി.പി.ഓമാരായ അന്‍സാര്‍, ശിവപ്രസാദ്, സി പി ഓമാരായ ബിജു, ജിതിന്‍, സുരേഷ്, കൃഷ്ണകുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.