video
play-sharp-fill
ആശുപത്രിയില്‍ വെച്ചും റബ്ബര്‍തോട്ടത്തില്‍വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയായി ; മൂന്നുദിവസത്തിനിടെ അറസ്റ്റിലായത് 30പേർ ; പിടിയിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവർ ; ഭൂരിഭാഗം പ്രതികളേയും കണ്ടെത്തിയത് പെണ്‍കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ; അന്വേഷണച്ചുമതല ഡി.ഐ.ജി.ക്ക് ; പത്തനംതിട്ട പീഡന കേസിന്റെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആശുപത്രിയില്‍ വെച്ചും റബ്ബര്‍തോട്ടത്തില്‍വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയായി ; മൂന്നുദിവസത്തിനിടെ അറസ്റ്റിലായത് 30പേർ ; പിടിയിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവർ ; ഭൂരിഭാഗം പ്രതികളേയും കണ്ടെത്തിയത് പെണ്‍കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ; അന്വേഷണച്ചുമതല ഡി.ഐ.ജി.ക്ക് ; പത്തനംതിട്ട പീഡന കേസിന്റെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട: ദളിത് പെണ്‍കുട്ടി ഇരയായ പത്തനംതിട്ട പീഡന കേസിന്റെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും ഒരു റബ്ബര്‍തോട്ടത്തില്‍വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പോലീസ് പറഞ്ഞു. കേസില്‍ മൂന്നുദിവസത്തിനിടെ 30 പേരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കൂടുതല്‍ കേസുകളും അറസ്റ്റുകളും അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നും പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. റാന്നി മന്ദിരംപടിയിലെ റബ്ബര്‍തോട്ടത്തിവെച്ചും കൂട്ടബലാത്സംഗം നടന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് കുട്ടിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയത്. ആറോളം പേരാണ് കുട്ടിയെ ഇവിടെവെച്ച് പീഡിപ്പിച്ചത്.പ്രതികളില്‍ പലരും കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ്. ഇവിടെനിന്ന് ചിലര്‍ പെണ്‍കുട്ടിയെ സ്വകാര്യ വാഹനങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി.

സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിലും കുട്ടിക്കെതിരെ അതിക്രമം നടന്നുവെന്നാണ് വിവരം. കാറില്‍ വെച്ച് രണ്ടുപേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ഇത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പ്രതികളേയും കണ്ടെത്തിയത്. ഈ സ്മാര്‍ട്ട്ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോണിലേക്ക് വന്നതും ഫോണില്‍നിന്നും അയച്ചതുമായ ദൃശ്യങ്ങളുടെ വിവരങ്ങളും ഇതുവഴി കണ്ടെത്താന്‍ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങളും സൈബര്‍ സെല്‍ പോലീസിന് നല്‍കി. രാത്രി എട്ടിനും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ വിളിച്ചവര്‍ പോലീസ് നിരീക്ഷണത്തിലാണ്.ഇതിനിടെ, കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിന്റെ ചുമതല ഡി.ഐ.ജി.ക്ക് കൈമാറി. ജില്ലാ പോലീസ് സൂപ്രണ്ട് അടക്കം 25 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. നിരവധി പ്രതികളുള്ള പോക്സോ കേസ് എന്ന പരിഗണനയിലാണ് അന്വേഷണ ചുമതല ഡി.ഐ.ജി. അജിതാ ബീഗത്തിന് കൈമാറുകയും അന്വേഷണസംഘം വിപുലപ്പെടുത്തുകയും ചെയ്തത്.

സംഭവത്തില്‍ ഒമ്പത് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ആകെ എണ്ണം 18 ആയി. പത്ത് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. ഇതില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പീഡനവിവരം പുറത്തായതോടെ പ്രതികളാകാന്‍ സാധ്യതയുള്ള ചിലര്‍ ജില്ല വിട്ടു. ഇവരെ കണ്ടെത്തുന്നതിന് മറ്റ് ജില്ലകളിലെ പോലീസിന്റെ സഹായം തേടുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.