ശസ്ത്രക്രിയ കഴിഞ്ഞ രോ​ഗി ആശുപത്രി മുറ്റത്തെ ആംബുലന്‍സില്‍ കിടന്നത് മണികൂറുകളോളം; ആരോ​ഗ്യമന്ത്രിയുടെ ജില്ലയിലെ ജനറല്‍ ആശുപത്രിയുടെ നേര്‍മുഖം പുറത്ത്

ശസ്ത്രക്രിയ കഴിഞ്ഞ രോ​ഗി ആശുപത്രി മുറ്റത്തെ ആംബുലന്‍സില്‍ കിടന്നത് മണികൂറുകളോളം; ആരോ​ഗ്യമന്ത്രിയുടെ ജില്ലയിലെ ജനറല്‍ ആശുപത്രിയുടെ നേര്‍മുഖം പുറത്ത്

സ്വന്തം ലേഖിക

പത്തനംതിട്ട: കിടക്ക കിട്ടാതെ ശസ്ത്രക്രിയ കഴിഞ്ഞ രോ​ഗി കിടന്നത് ആശുപത്രി മുറ്റത്തെ ആംബുലൻസിൽ.

രണ്ടര മണിക്കൂറാണ് ആരോ​ഗ്യ മന്ത്രിയുടെ ജില്ലയിലെ ജനറല്‍ ആശുപത്രിയുടെ മുറ്റത്ത് ശസ്ത്രക്രിയ കഴിഞ്ഞ രോ​ഗിക്ക് കഴിയേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഊന്നുകല്‍ കല്ലുംകൂട്ടത്തില്‍ സുഭാഷി(37)നാണ് ആശുപത്രിയില്‍ കിടക്കയില്ലാതെ മണിക്കൂറുകളോളം ആംബുലന്‍സില്‍ കഴിയേണ്ടി വന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ശസ്ത്രക്രിയക്ക് ശേഷമാണ് സുഭാഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് വിട്ടത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ച കുത്തിവെയ്പ് നൽകാനും പത്തനംതിട്ട ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ല. രാത്രിയിലും തങ്ങള്‍ ആശുപത്രി മുറ്റത്ത് ആംബുലന്‍സില്‍ തന്നെ കഴിയുമെന്ന് സുഭാഷിനൊപ്പമെത്തിയവര്‍ പറഞ്ഞതോടെയാണ് കിടക്ക നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്.

നാല് മാസം മുന്‍പ് മരത്തില്‍ നിന്നു വീണാണ് സുഭാഷിന്റെ കാലിന് പരിക്കേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്.

പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ ശസ്ത്രക്രിയ നടത്തി വീട്ടിലേക്ക് വിട്ടു. കാല്‍ പിന്നീട് പഴുത്തു. വേദന അസഹനീയമായപ്പോള്‍ കഴിഞ്ഞമാസം 25-ന് വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തന്നെ കൊണ്ടുവന്നു.

പരിശോധനയ്ക്കുശേഷം ‘പതിവുപോലെ’ കോട്ടയത്തേക്ക് പറഞ്ഞുവിട്ടു. വീണ്ടും ശസ്ത്രക്രിയ നടത്തി. കിടത്താന്‍ സ്ഥലമില്ലാത്തതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് കോട്ടയത്തു നിന്ന് വിട്ടു.

തിങ്കളാഴ്ച രാത്രി 9.30-ന് പത്തനംതിട്ടയിലെത്തി. കാര്യം പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ കൈമലര്‍ത്തി. കിടത്താന്‍ സ്ഥലമില്ലാത്തതുകൊണ്ട് കോട്ടയത്തേക്കു തന്നെ മടക്കി കൊണ്ടുപോകാനായിരുന്നു മറുപടിയെന്ന് സുഭാഷിന്റെ ബന്ധുക്കള്‍ പറയുന്നു. ഒരുമണിക്കൂര്‍ ഇടവിട്ട് എടുക്കേണ്ട കുത്തിവെയ്പും ഇതിനിടയില്‍ മുടങ്ങി.

ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ജനപ്രതിനിധികളെ ഉൾപ്പെടെ പലരേയും ബന്ധപ്പെട്ടെങ്കിലും എല്ലാവരും കൈമലര്‍ത്തി. ഡ്യൂട്ടി ഡോക്ടര്‍ പലരേയും വിളിച്ചെങ്കിലും ഒന്നും നടന്നില്ല. ആംബുലന്‍സില്‍ തന്നെ രോഗിയുമായി രാത്രി തങ്ങുമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞതോടെയാണ് രോഗിയെ പ്രവേശിപ്പിക്കാൻ തയ്യാറായത്.

കാഷ്യാലിറ്റിയില്‍ നിന്ന് ഡോക്ടര്‍ ഇറങ്ങി വന്ന് എ ബ്ലോക്കിലെ സ്ത്രീകളുടെ ഏഴാം വാര്‍ഡിലേക്ക് മാറ്റിയപ്പോഴേക്കും സമയം 12.30 കഴിഞ്ഞിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ എ ബ്ലോക്കിലെ പുരുഷന്‍മാരുടെ വാര്‍ഡിലേക്ക് സുഭാഷിനെ മാറ്റി. നിരവധി തവണ ജനപ്രതികളെയടക്കം ബന്ധപ്പെട്ടിട്ടും തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന് സുഭാഷിന്റെ ബന്ധുക്കള്‍ പറയുന്നു.