കൊമ്പൻ ചെർപ്പുളശ്ശേരി പാർത്ഥനെ പണിയെടുപ്പിച്ച് കൊന്നതോ..? സോഷ്യൽ മീഡിയയിൽ വിവാദം കത്തുന്നു; ഉടമയ്ക്കും പാപ്പാനുമെതിരെ പരാതിയുമായി ആനപ്രേമികൾ

കൊമ്പൻ ചെർപ്പുളശ്ശേരി പാർത്ഥനെ പണിയെടുപ്പിച്ച് കൊന്നതോ..? സോഷ്യൽ മീഡിയയിൽ വിവാദം കത്തുന്നു; ഉടമയ്ക്കും പാപ്പാനുമെതിരെ പരാതിയുമായി ആനപ്രേമികൾ

സ്വന്തം ലേഖകൻ

കൊച്ച: കഴിഞ്ഞ ദിവസം 35 -ാം വയസിൽ ചരിഞ്ഞ കൊമ്പൻ ചെർപ്പുളശ്ശേരി പാർത്ഥന് മതിയായ ചികിത്സയും വിശ്രമവും ചികിത്സയും നൽകാതെ കൊല്ലുകയായിരുന്നു എന്ന ആരോപണവുമായി ആന പ്രേമികൾ രംഗത്ത്. കേരള സഫറിംഗ് എലിഫന്റ്‌സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് ചെർപ്പുളശ്ശേരി പാർത്ഥന്റെ മരണത്തിൽ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ, പാർത്ഥന് മതിയായ ചികിത്സ നൽകിയില്ലെന്ന ആരോപണത്തിൽ മറുവാദവുമായി എതിർവിഭാഗവും എത്തിയതോടെയാണ് സോഷ്യൽ മീഡിയയിൽ ആനയെച്ചൊല്ലി കൂട്ടയടിയായി.
മുൻകാലുകൾക്ക് നീരും, ഞരമ്പിന് തകരാറുമായി ഒരു വർഷത്തിലേറെയായി കൊമ്പൻ ചികിത്സയിലായിരുന്നു. ഒരു വർഷമായി ആനയെ എഴുന്നെള്ളിച്ചിരുന്നില്ലെന്നാണ് ആന പ്രേമികളുടെ വാദം. എന്നാൽ, സഫറിംങ് എലിഫന്റെസ് അഡ്മിൻ പറയുന്നത് ആനയെ എഴുന്നെള്ളിച്ചിരുന്നുവെന്നും കൊമ്പനെ ഇക്കുറി തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കാനുള്ള തയ്യാറെടുപ്പുകൾ ഉടമകൾ നടത്തിയിരുന്നുവെന്നുമാണ്. ആനയെ കൊണ്ടുനടന്ന് പണിയെടുപ്പിച്ച് കാശ് ഉണ്ടാക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് കൂട്ടായ്മ ആരോപിക്കുന്നു. ഇതു സംബന്ധിച്ചുള്ള പോസ്റ്റ് ഇവർ ഫെയ്‌സ്ബുക്കിൽ ഇട്ടതിനു പിന്നാലെയാണ് ആനപ്രേമികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
കേരളത്തിലെ ഒന്നാം നമ്പർ ആനകളിൽ ഒന്നായിരുന്നു സുന്ദരനായ ചെർപ്പുളശേരി പാർത്ഥൻ. ആന ചരിഞ്ഞതിൽ ഇപ്പോഴുണ്ടായ വിവാദം വീണ്ടും ആനകളെ പീഡിപ്പിച്ച് ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്ന ഉടമകളുടെ മനസിനെപ്പറ്റിയുള്ള ചർച്ചകളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ചരിയുന്ന നാലാമത്തെ കൊമ്പനാണ് പാർത്ഥൻ.