പനി ബാധിച്ച മക്കളെ ചികിത്സക്ക് കൊണ്ടുപോയത് കാൽനടയായി; ആശുപത്രിയിൽ എത്തിയിട്ടും സമയത്തിന് ചികിത്സ ലഭിക്കാതെ സഹോദരങ്ങൾ മരിച്ചു; ആംബുലൻസ് സൗകര്യം ഇല്ലാത്തതിനാൽ മൃതദേഹം ചുമലിലേറ്റി മാതാപിതാക്കൾ വീട്ടിലേക്ക് നടന്നത് 15 കിലോമീറ്റർ
മഹാരാഷ്ട്ര: ആംബുലൻസ് സേവനം ലഭിക്കാത്തതിനെ തുടർന്ന് മക്കളുടെ മൃതദേഹം ചുമലിലേറ്റി പതിനഞ്ച് കിലോമീറ്റർ താണ്ടി വീട്ടിലെത്തി മാതാപിതാക്കൾ. മഹാരാഷ്ട്രയിലാണ് ഈ ദാരുണ സംഭവം. മഹാരാഷ്ട്രയിലെ ഗഡ്ഛിരോളി ജില്ലയിലെ അഹേരി ഗ്രാമത്തിൽ താമസിക്കുന്ന ദമ്പതികളുടെ മൂന്നും ആറും വയസ്സുള്ള കുട്ടികളാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
പനി ബാധിച്ച മക്കളെ ചികിത്സയ്ക്കായാണ് ഗതാഗത സൗകര്യം ഇല്ലാതെ കാൽനടയായി ജമീൽഗട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോയത്. ആശുപത്രിയിൽ എത്തിയിട്ടും സമയത്തിന് ചികിത്സ ലഭിക്കാതെ പോയി. രണ്ടു മണിക്കൂറിനുള്ളിൽ ഇരുവരുടെയും ആരോഗ്യ നില വഷളാവുകയായിരുന്നു.
താമസിയാതെ സഹോദരങ്ങൾ അന്ത്യശ്വാസം വലിച്ചു. ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യം ഇല്ലായിരുന്നു. പിന്നീട് മാതാപിതാക്കൾ തന്നെ മക്കളുടെ മൃതദേഹം ചുമലിലേറ്റിയാണ് 15 കിലോമീറ്റർ താണ്ടി വീട്ടിലേക്ക് മടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാഷ്ട്രയിലെ പല ഉൾഗ്രാമങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. രണ്ടു വർഷങ്ങൾക്ക് മുമ്പ് ഷഹാപൂരിലെ ഗ്രാമവാസികളുടെ കഥ പുറത്ത് വിട്ടിരുന്നു. ഗതാഗത സൗകര്യമില്ലാതെ കാലങ്ങളായി അനുഭവിക്കുന്ന ദുരിത കഥകളാണ് ഇവരും പങ്ക് വച്ചത്.
8 മാസത്തിനുള്ളിൽ തകർന്ന് വീണ ശിവാജിയുടെ പ്രതിമ സ്ഥാപിക്കാൻ മാത്രം സർക്കാർ ചെലവിട്ടത് 200 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കാലങ്ങളായി ദുരിത ജീവിതം നയിക്കുന്ന ഈ പാവങ്ങൾക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്.