കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീണ്ടും അഭിമാന നേട്ടം : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 103കാരൻ രോഗമുക്തി നേടി ആശുപത്രി വിട്ടു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോകത്ത് നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് വീണ്ടും അഭിമാന നേട്ടം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 103 വയസുകാരന് കോവിഡ് മുക്തി.
എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് പരീദ് ആണ് 103-ാം വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്രായമായവരില്‍ വളരെയധികം ഗുരുതരമാവാന്‍ സാധ്യത കൂടുതലുള്ള കോവിഡ് 19 ഇല്‍ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അര്‍പ്പണ ബോധത്തിന്റെയും നേട്ടമാണെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
രോഗം സ്ഥിരീകരിച്ച് 20 ദിവസം കൊണ്ടാണ് പരീദ് രോഗമുക്തി നേടിയത്. ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും മൂലമാണ് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനായത്.
കോവിഡ് ഫലം പോസിറ്റീവായതോടെ അദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉയര്‍ന്ന പ്രായം പരിഗണിച്ച് പ്രത്യേക മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കിയത്.
കേരളത്തില്‍ കോവിഡ് മുക്തനാകുന്ന ഏറ്റവും പ്രായകൂടിയവരില്‍ ഒരാളാണ് പരീദ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 105 വയസുകാരിയായ അഞ്ചല്‍ സ്വദേശിനി അസ്മ ബീവി അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.
പരിദീന്റെ മകനും രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ ആമിനയും അഡ്മിറ്റ് ആയിരുന്നു, ഫലം നെഗറ്റീവ് ആയതോടെ അവരെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.