‘ഈ തീരത്ത് ഇത്തിരി നേരം’: ഒഴുക്ക് വീണ്ടെടുത്തു; പാറേച്ചാൽ തോടിന് പുതു ജീവൻ നൽകി കോട്ടയം നഗരസഭ

‘ഈ തീരത്ത് ഇത്തിരി നേരം’: ഒഴുക്ക് വീണ്ടെടുത്തു; പാറേച്ചാൽ തോടിന് പുതു ജീവൻ നൽകി കോട്ടയം നഗരസഭ

സ്വന്തം ലേഖകൻ

കോട്ടയം: വർഷങ്ങളായി കാടുകയറി ഒഴുക്ക് മുറിഞ്ഞു ചെളി അടിഞ്ഞു കിടന്ന കോട്ടയം നഗരസഭ 27 വാർഡിലെ പാറേച്ചാൽ തോട് ഹരിത കേരളം മിഷന്റെ’ ഇനി ഞാൻ ഒഴുകട്ടെ വീണ്ടെടുക്കാം ജല ശൃംഖലകൾ ‘എന്നാ ക്യാമ്പയിന്റെ ഭാഗമായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിൽ തോട് വൃത്തിയാക്കി ഒഴുക്ക് വീണ്ടെടുത്തു.

ആലപ്പുഴയിലേക്ക് ബോട്ട് സർവീസ് ഉള്ള തോടിന് സമീപത്ത് തന്നെയാണ് പാറേച്ചാൽ തോടും സ്ഥിതി ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോടിന്റെ നവീകരണം പൂർത്തിയാക്കി പഴയ പ്രൗഡിയിൽ ഒഴുക്ക് വീണ്ടെടുത്തതോടെ പുഴയോര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി’ ഈ തീരത്ത് ഇത്തിരി നേരം ‘ എന്ന പേരിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോട്ടയം നഗരസഭയും ഹരിത കേരളം മിഷനും സംയുക്തമായി.

പ്രളയ ബാധിത പ്രദേശമായ ഇവിടത്തെ തീരം ഇടിയലിന് ഉൾപ്പെടെ പരിഹാരമായി പ്രധാനമായും തോടിനു ഇരുവശവും നൂറോളം രാമച്ചം വെച്ചുപിടിപ്പിച്ച് പദ്ധതിക്ക് തുടക്കം കുറിക്കും.

ബോട്ട് സർവീസ് ഉള്ള പ്രദേശമായതിനാൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ ഇരിക്കാൻ ചാരു ബഞ്ചുകൾ, കയർഭൂവസ്ത്രം വിരിക്കൽ എന്നിവയോടൊപ്പം അമ്പതോളം ഇല്ലിയും മന്ദാരം ഉൾപ്പെടെയുള്ള ചെടികളും നട്ടുപിടിപ്പിക്കും.

ഒരാൾക്ക് ഒന്ന് ഇറങ്ങാൻ പോലും കഴിയാത്ത നിലയിൽ കാടു കയറി കിടന്ന തോട്ടിൽ ഇന്ന് വള്ളവും മറ്റും സുഖമമായി സഞ്ചരിക്കാൻ തുടങ്ങി.

ജലസംരക്ഷണത്തിന് മാതൃകയായി മുന്നേറുകയാണ് കോട്ടയം നഗരസഭ. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഈ രീതിയിൽ 22 തോടുകളാണ് കോട്ടയം നഗരസഭ വിവിധ വാർഡുകളിലായി വീണ്ടെടുത്തത്.