കോട്ടയം പാമ്പാടിയിൽ ആൾത്താമസം ഇല്ലാത്ത വീടിന്റെ വാതിൽ കുത്തി തുറന്ന് ഗൃഹോപകരണങ്ങൾ മോഷ്ടിച്ചു; മീനടം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ
പാമ്പാടി: വീടുകയറി ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിൽ മൂന്നുപേരേ പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട സീതത്തോട് തേക്കുമൂട് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ( മീനടം ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) അരുൺ മോഹൻ (32), മീനടം, മഞ്ഞാടി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ഹരീഷ് കുമാർ പി.ആർ (46), മീനടം മഞ്ഞാടി ഭാഗത്ത് തച്ചേരിൽ വീട്ടിൽ നിധിൻ സ്കറിയ (37) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ മൂവരും ചേർന്ന് 21 ആം തീയതി പുലർച്ചയോട് കൂടി മീനടം ഭാഗത്തുള്ള ആൾത്താമസം ഇല്ലാതിരുന്ന വീടിന്റെ പൂട്ട് പൊളിച്ച് ,വാതിൽ കുത്തി തുറന്ന് അകത്തു കയറി മോഷ്ടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഗ്യാസ് കുറ്റികളും, ടി.വിയും, സ്റ്റോറൂമിൽ സൂക്ഷിച്ചിരുന്ന പഴയ ഫ്രിഡ്ജും, കിണറിനരികിൽ വച്ചിരുന്ന മോട്ടോറുമാണ് ഇവര്‍ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. മോഷണമുതൽ പോലീസ് കണ്ടെടുക്കുകയും ചെയ്തു.
പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ്.ഐമാരായ ഹരീഷ് എം.സി, ശ്രീരംഗൻ, ജോമോൻ, സി.പി.ഓ മാരായ സുരേഷ് എം.ജി, ജയകൃഷ്ണൻ. ആർ, സുനിൽ പി.സി, ജയകൃഷ്ണൻ നായർ, വിശ്വനാഥൻ, സോമൻ പിള്ള എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാണ്ട് ചെയ്തു.