play-sharp-fill
പള്ളിക്കോണം തോട് നവീകരണം ആരംഭിച്ചു: നവീകരിക്കുന്നത് ചരിത്ര സ്മാരകമായ തോട്

പള്ളിക്കോണം തോട് നവീകരണം ആരംഭിച്ചു: നവീകരിക്കുന്നത് ചരിത്ര സ്മാരകമായ തോട്

സ്വന്തം ലേഖകൻ

കോട്ടയം : ഈസ്റ്റ്‌ റോട്ടറി ക്ലബ്ബും കോട്ടയം നഗരസഭ 24ആം വാർഡും ചേർന്നുള്ള പള്ളിക്കോണം തോടിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. തോട്ടിലെ മാലിന്യങ്ങളും പായലും നീക്കം ചെയ്ത് ആഴം കൂട്ടിയും റോഡുകൾ നവീകരിച്ചും സായാഹ്നവിശ്രമകേന്ദ്രം ഒരുക്കിയും തോടിൻ്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ കോട്ടയം നഗരസഭ 24ആം വാർഡ് കൗൺസില്ലർ ടോം കോര അഞ്ചേരിൽ അദ്ധ്യക്ഷത വഹിച്ചു, ഈസ്റ്റ്‌ റോട്ടറി ക്ലബ് പ്രസിഡന്റ്‌ നവീൻ സണ്ണി അലക്സ്‌ നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭ അംഗങ്ങളായ ജാൻസി ജേക്കബ് , ജിഷ ജോഷി, റോട്ടറി ക്ലബ്ബ് സെക്രട്ടറി ബെന്നി യോഗ്യവീട്, കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ്, അനൂപ് അബൂബക്കർ, എം വി സദാനന്ദൻ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുരാതനമായ പള്ളിക്കോണം തോട് പതിനഞ്ചാം നൂറ്റാണ്ടിൽ തെക്കുംകൂർ രാജാക്കന്മാർ തളിക്കോട്ട ഭരണ തലസ്ഥാനമാക്കിയ കാലം മുതൽ മറ്റൊരു ആസ്ഥാനമായ ചങ്ങനാശ്ശേരിയിലേക്ക് ജലമാർഗ്ഗം സഞ്ചരിക്കാനായി ഉപയോഗിച്ചിരുന്നതാണ്. ഈ തോട് തളിക്കോട്ട ആസ്ഥാനമായ അന്നത്തെ കോട്ടയം പട്ടണത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെയാണ് തിരുവാതുക്കൽ എന്നു വിളിച്ചുവന്നിരുന്നത്. താഴത്തിടത്തിൽ കടവിൽ നിന്ന് യാത്ര ആരംഭിച്ച് കാരാപ്പുഴയിലൂടെ കൊടൂരാറ്റിലെത്തി പള്ളത്തെ കരീത്തോട്ടിലൂടെ നീലംപേരൂരും വാഴപ്പള്ളിയും കടന്ന് ചങ്ങനാശ്ശേരി നീരാഴിക്കെട്ടിലെത്തും വിധമായിരുന്നു രണ്ടര നൂറ്റാണ്ടു മുമ്പുവരെ നിലവിലിരുന്ന ഈ ജലപാത. അതിൻ്റെ തുടക്കഭാഗമാണ് ഇപ്പോൾ നവീകരിക്കപ്പെടുന്നത്.

തെക്കുംകൂറിലെ നാവികസൈന്യത്തിൻ്റെ തോക്കുകൾ ഘടിപ്പിച്ച ഓടിവള്ളങ്ങളുടെ നിർമ്മാണം നടന്നിരുന്ന വഞ്ചിപ്പുര, സൈന്യാധിപനായിരുന്ന മുഞ്ഞനാട്ടു പണിക്കരുടെ ആയോധനക്കളരി, തിരുനക്കര ക്ഷേത്രത്തിലെ കാളയുടെ ചെലവിനായി രാജാവ് വകയിരുത്തിയ കാളക്കണ്ടം, തിരുനക്കര ക്ഷേത്രത്തിലെ ആറാട്ടു നടക്കുന്ന കാരാപ്പുഴയിലെ അമ്പലക്കടവ് എന്നീ പൈതൃക സ്ഥാനങ്ങൾ ഈ തോടിനോട് ചേർന്നാണ്. തോട് മലിനപ്പെട്ടതിനെ തുടർന്നാണ് ആറാട്ട് തോടിൻ്റെ സമീപത്തുള്ള കുളത്തിലേക്ക് മാറ്റേണ്ടി വന്നത്.

തെക്കുംകൂർ കാലത്ത് കോവിലകത്തേയ്ക്കും തളിയിൽ ക്ഷേത്രത്തിലേയ്ക്കുമുള്ള നെല്ല് വിളഞ്ഞിരുന്ന വയലുകളാണ് തോടിൻ്റെ ഇരുവശവുമുണ്ടായിരുന്നത്. നാലു പതിറ്റാണ്ടു മുമ്പുവരെ ഈ പാടശേഖരങ്ങളിൽ നെൽകൃഷി നടന്നിരുന്നു. പള്ളിക്കോണം തോടിനെ മീനച്ചിലാറുമായി ബന്ധപ്പെടുത്തുന്ന ചെറിയ തോടുകൾ അടഞ്ഞുപോയതിനെ തുടർന്ന് 1921ൽ ആലുമൂട്ടിൽനിന്ന് കിഴക്കോട്ട് തോടുവെട്ടി ബന്ധിപ്പിച്ചതോടെ വേനൽക്കാലത്തും നീരൊഴുക്ക് സാധ്യമാകുകയും ജലസേചനത്തിന് സഹായകമാവുകയും ചെയ്തു. ഈ സംയോജനത്തിൻ്റെ നൂറാം വാർഷികത്തിനാണ് തോടിൻ്റെ നവീകരണമുണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്.

തോട്ടിലെ നീരൊഴുക്ക് വർദ്ധിപ്പിച്ചും പരിസ്ഥിതിയെ സംരക്ഷിച്ചും പ്രദേശത്തെ വികസനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുമെന്ന് 24ആം വാർഡ് കൗൺസില്ലർ ടോം കോര അഞ്ചേരിൽ അറിയിച്ചു.