play-sharp-fill
പാലക്കാട് 39  ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു: നെല്ലിയാമ്പതി റോഡിൽ മണ്ണിടിച്ചിൽ, മുന്നറിയിപ്പുമായി ജില്ലാ കളക്ടർ

പാലക്കാട് 39 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു: നെല്ലിയാമ്പതി റോഡിൽ മണ്ണിടിച്ചിൽ, മുന്നറിയിപ്പുമായി ജില്ലാ കളക്ടർ

 

പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. അതേസമയം പട്ടാമ്പി ടൗണിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ജില്ലയിൽ തുറന്നതെന്ന് കളക്ടർ അറിയിച്ചു.

 

കനത്ത മഴയെ തുടർന്ന് മണ്ണിൽ വെള്ളത്തിൻറെ സാച്ചുറേഷൻ കൂടുതലായതിനാൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിൽക്കുന്നുവെന്ന് മുന്നറിയിപ്പുണ്ട്.


 

ആലത്തൂർ, നെല്ലിയാമ്പതി മേഖലകളിൽ ചെറിയ തോതിൽ പലയിടത്തും ഉരുൾ പൊട്ടിയിരുന്നുവെന്ന് കളക്ടർ അറിയിച്ചു. നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി സങ്കേതത്തിലെ ദുരിതബാധിതരെ എല്ലാവരെയും ട്രൈബൽ ഡെവലപ്മെൻറ് ഓഫീസറുടെയും ചിറ്റൂർ അഡീഷണൽ തഹസിൽദാരുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ പോളച്ചിറ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ മെഡിക്കൽ ഓഫീസർമാരുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും കളക്ടർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നെല്ലിയാമ്പതിയിലേക്കുള്ള റോഡ് കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത യോഗ്യമല്ല. പാലക്കാട് എത്തിയ എൻ ഡി ആർ എഫ് ടീമും റവന്യൂ, പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയൊരു സംഘം റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

 

മീങ്കര ഡാം, പോത്തുണ്ടി ഡാം എന്നിവ തുറന്നിട്ടുള്ളതിനാൽ ഗായത്രി പുഴയിലും ഭാരതപ്പുഴയിലും വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിൽ എവിടെയെങ്കിലും ഉരുൾപൊട്ടിയാൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ പാലങ്ങളുടെയും കോസ്-വേകളുടെയും അടുത്ത് സുരക്ഷിതമെന്നു തോന്നുന്ന സ്ഥലങ്ങളിൽ പോലും നിന്ന് ഫോട്ടോകളും റീലുകളും എടുക്കരുതെന്ന് മുന്നറിയിപ്പുണ്ട്.