രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടേയെന്ന് കൃഷ്ണകുമാര്‍? കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ്; പാലക്കാട്ട് അര്‍ധരാത്രിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍; മുറികളിൽ അനധികൃത പണമിടപാടെന്ന് ആരോപണം
സ്വന്തം ലേഖകൻ
പാലക്കാട്: അർധരാത്രിയില്‍ പാലക്കാട്ട് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ അനധികൃത പണമിടപാട് നടത്തുന്നുവെന്ന പരാതിയില്‍ പരിശോധന നടത്തണമെന്ന് ആവശ്യം. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. ട്രോളി ബാഗില്‍ പണം എത്തിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ മുറി പരിശോധിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് തടഞ്ഞതിനെ തുടര്‍ന്ന് ബിജെപി, സിപിഎം പ്രവര്‍ത്തകരും നേതാക്കളും ഹോട്ടലിലേക്ക് എത്തി.
പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥർ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയത്. വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താനാകില്ലെന്ന് നേതാക്കള്‍ നിലപാടെടുത്തതോടെ മടങ്ങിപ്പോയ പൊലീസ് സംഘം അരമണിക്കൂറിന് ശേഷം വനിതാ പൊലീസുകാരുമായി മടങ്ങിയെത്തി പരിശോധന നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയേ തീരൂ എന്നാണ് നിലപാടെടുത്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇത്രയും പ്രശ്‌നമുണ്ടായിട്ടും ഇവിടേക്ക് എത്താത്തത് എന്തുകൊണ്ടാണെന്നാണ് കൃഷ്ണകുമാര്‍ ചോദിക്കുന്നത്. പരിശോധനയ്ക്കായി സംഘം എത്തിയതിന് പിന്നാലെ എംപിമാരായ ഷാഫി പറമ്ബില്‍, വി.കെ ശ്രീകണ്ഠന്‍ നേതാക്കളായ എബിന്‍ വര്‍ക്കി, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവര്‍ ഹോട്ടലിലേക്ക് എത്തി.
മാദ്ധ്യമപ്രവര്‍ത്തകരുമായി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കയര്‍ത്ത് സംസാരിക്കുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. നേരത്തേ സിപിഎം നേതാക്കളുടേയും ബിജെപി പ്രവര്‍ത്തകരുടേയും മുറികള്‍ പരിശോധിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയേ തീരുവെന്ന നിലപാടിലാണ് സിപിഎം, ബിജെപി പ്രവര്‍ത്തകരും നേതാക്കളും. ചട്ടങ്ങള്‍ പാലിച്ചല്ല പരിശോധനയ്‌ക്കെത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണം.