play-sharp-fill
പി സരിന്റെയും സന്ദീപ് വാര്യരുടേയും കൂടുമാറ്റം; റെയ്ഡിൽ തുടങ്ങി പത്രപ്പരസ്യത്തിൽ എത്തിനിന്ന തിര‍ഞ്ഞെടുപ്പ് വിവാദങ്ങൾ; പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലം; പാലക്കാട് ജനവിധി തുടങ്ങി.. 184 ബൂത്തുകളിലായി ഇന്ന് വിധിയെഴുതുന്നത് 1,94,706 വോട്ടര്‍മാർ

പി സരിന്റെയും സന്ദീപ് വാര്യരുടേയും കൂടുമാറ്റം; റെയ്ഡിൽ തുടങ്ങി പത്രപ്പരസ്യത്തിൽ എത്തിനിന്ന തിര‍ഞ്ഞെടുപ്പ് വിവാദങ്ങൾ; പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലം; പാലക്കാട് ജനവിധി തുടങ്ങി.. 184 ബൂത്തുകളിലായി ഇന്ന് വിധിയെഴുതുന്നത് 1,94,706 വോട്ടര്‍മാർ

പാലക്കാട്: പാലക്കാട് വിധിയെഴുത്ത് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. ഷാഫി പറമ്പില്‍ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിനെ ഞെട്ടിച്ച്‌ പാര്‍ട്ടി വിട്ട പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയിൽ മികച്ച വിജയം കൈവരിച്ചേ മതിയാകൂ.

മെട്രോമാന്‍ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നുമാണ് ബിജെപിയുടെ കണക്കുക്കൂട്ടൽ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതലുള്ള വിവാദങ്ങൾ നിശബ്ദ പ്രചണത്തിലും നടന്നു.

യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിപ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി ഡോ. പി. സരിന്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സരിന്‍ പിന്നീട് എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥിയായി. ട്രോളി വിവാദം, പാതിരാറെയ്ഡ് നാടകം, ഇരട്ടവോട്ട് എന്നിവയെല്ലാം പാലക്കാട്ടെ ഇളക്കിമറിച്ചു. ഇതിനൊപ്പമാണ് പരസ്യത്തിലെ വിവാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. വോട്ടെടുപ്പിനുശേഷം രാത്രിയോടെ തന്നെ കോളേജിലെ ന്യൂ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും. 23നാണ് വോട്ടെണ്ണല്‍.

ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, ചലന വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കുന്നതിനായി സഹായികള്‍, കുടിവെള്ളം, വോട്ടിങ് മെഷീനില്‍ ബ്രെയിന്‍ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വരി നില്‍ക്കേണ്ട ആവശ്യമില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഇവര്‍ക്ക് വാഹന സൗകര്യം ലഭിക്കും. സക്ഷം ആപ്പിലൂടെ വീല്‍ ചെയറും മറ്റു സൗകര്യങ്ങളും ഭിന്ന ശേഷിക്കാര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. വെണ്ണക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാര്‍ മാത്രമുള്ള പോളിംഗ് ബൂത്തായി സജ്ജീകരിച്ചിട്ടുണ്ട്.

എ.എല്‍.പി. സ്‌കൂള്‍ മാത്തൂറിലാണ് ഏറ്റവും കൂടുതലായ 145 ഭിന്നശേഷി വോട്ടര്‍മാരുള്ളത്. ഇവിടെ ചലന വൈകല്യമുള്ള 77 പേരും, കാഴ്ച പരിമിതിയുള്ള 5 പേരുമാണ് ഉള്ളത്. മണപ്പുള്ളിക്കാവ് ട്രൂ ലൈന്‍ പബ്ലിക് സ്‌കൂളിലാണ് കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ കൂടുതലുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും മണ്ഡലത്തില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ത്തിരുന്നു. ഇത് ഒടുവില്‍ ഇരട്ടവോട്ട് വിവാദത്തിലേക്കുമെത്തി. കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് ശതമാനം ഉയര്‍ത്താനാണ് എല്ലാ കക്ഷികളുടേയും ശ്രമം.

ആകെ വോട്ടര്‍മാരില്‍ 2,306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.

പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക പരിഗണ നല്‍കിയാണ് തെരഞ്ഞെടുപ്പ് നടത്തിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനായി 184 ബൂത്തുകളും താഴത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.