കോടികളുടെ കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ കച്ചവടക്കാരൻ പാലക്കാട്ട് പിടിയിൽ

കോടികളുടെ കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ കച്ചവടക്കാരൻ പാലക്കാട്ട് പിടിയിൽ

തേർഡ് ഐ ബ്യൂറോ

പാലക്കാട് : മൂന്നു കോടി രൂപ വിലവരുന്ന 296 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ വ്യാപാരിയെ പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും, ടൗൺ സൗത്ത് പോലീസും ചേർന്ന് പിടികൂടി. ആന്ധ്ര പ്രദേശ്, നെല്ലൂർ, ബട്ടുവരിപ്പാലം വില്ലേജിൽ ബോറെഡ്ഡി വെങ്കടേശ്ശരലു റെഡ്ഡി(35) ഡ്രൈവറും ഇയാളുടെ സഹായിയുമായ തമിഴനാട് , സേലം, പനമരത്തുപെട്ടി സ്വദേശി വിനോദ് കുമാർ (27) എന്നിവരെയാണ് ഇന്ന് പുലർച്ചെ പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപം വെച്ച് പിടികൂടിയത്.

കേരളത്തിലെ വിവിധ ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. ദോസ്ത് മിനി ലോറിയിൽ പ്ലാസ്റ്റിക് കുപ്പി ലോഡെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. ലോറിയുടെ പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് പാർസലുകൾ അടുക്കി വെച്ച് അതിനു മുകളിൽ പ്ലാസ്റ്റിക് കുപ്പികളുടെ ചാക്കുകെട്ടുകൾ നിരത്തി മറച്ചുവെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. അരക്കു വനമേഖലയിൽ വിളവെടുത്ത കഞ്ചാവാണിത്. കോവിഡ് കാലമായതിനാൽ ട്രെയിൻ ഗതാഗതം നിന്നതോടെ ലോറികളിൽ മൊത്തമായാണ് കഞ്ചാവ് കടത്തുന്നത്. നേരത്തെ മീൻ ലോറികളിലും, പച്ചക്കറി ലോറികളിലും മറ്റും കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് വിവിധ ജില്ലകളിൽ പിടികൂടിയിരുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നു വരുന്ന പ്രത്യേക വാഹന പരിശോധനക്കിടയിലാണ് കഞ്ചാവ് സംഘം പിടിയിലായത്. പരിശോധനക്കിടെ നിർത്താതെ പോയ മിനിലോറിയെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച വാളയാറിൽ ഓട്ടോ ട്ടോറിക്ഷയിൽ കടത്തിയ 65 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ ജില്ലാ ലഹരി വിരുദ്ധ സേന പിടികൂടിയിരുന്നു.

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പ്ി.എസിന്റെ നിർദ്ദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.പതികളെ ഇന്ന് കോവിഡ് പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും.

പാലക്കാട് ടൗൺ സൗത്ത് സബ് ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. എസ.ജലീൽ , വി.ജയകുമാർ, റ്റി.ആർ സുനിൽ കുമാർ, ബി.നസീറലി, റഹീം മുത്തു, ആർ.കിഷോർ , സൂരജ് ബാബു, കെ. അഹമ്മദ് കബീർ, ആർ. വിനീഷ് , ആർ. രാജീദ്, ദിലീപ്, എസ്. ഷമീർ , പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. റ്റി.ആർ ശശി , എസ്.സി.പി.ഒ എം.സുനിൽ കുമാർ, സി.പി.ഒ സതീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.