പാലക്കാട് ഹണി ട്രാപ്പ് കേസ്; രണ്ട് പേർകൂടി അറസ്റ്റിൽ; ആകെ പിടിയിലായത് കോട്ടയം സ്വദേശി ഉൾപ്പെടെ എട്ടുപേർ
പാലക്കാട്: പാലക്കാട് ഹണി ട്രാപ്പ് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ചാലക്കുടി സ്വദേശി ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇൻസ്റ്റഗ്രാം താരങ്ങളായ ദമ്പതികൾ ഉൾപ്പെടെയാണ് നേരത്തേ അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയിൽ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാർഡുകളും തട്ടിയ കേസിലാണ് അറസ്റ്റ്.
കൊല്ലം സ്വദേശിനി ദേവു, ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദ്വീപ്, കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ ദേവു വ്യവസായിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും നേരിൽ കാണാൻ പാലക്കാട്ടേക്ക് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു.
പാലക്കാട്ടേക്കെത്തിയ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണവും സ്വർണവും എടിഎം കാർഡുകളും ദേവും സംഘവും ചേർന്ന് തട്ടിയെടുത്തു. തുടർന്ന് ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റാൻ സംഘം ശ്രമിക്കുന്നതിനിടയിൽ വാഹനത്തിൽ നിന്ന് പുറത്തേക്കോടി പാലക്കാട് സൗത്ത് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടാനായത്. ഹണിട്രാപ്പ് എന്ന് കൃത്യമായി പറയാവുന്ന തരത്തിലുള്ള തട്ടിപ്പാണ് സംഘം നടത്തി വന്നിരുന്നത്. മറ്റേതെങ്കിലും ആളുകളിൽ നിന്നും സംഘം മുൻപ് പണം തട്ടിയിരുന്നോയെന്നും പാലക്കാട് സൗത്ത് പൊലീസ് പരിശോധിക്കുകയാണ്.