പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷം : ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനത്തിനുമായി ഒരുങ്ങി രാമപുരം ; 50,000 പേര്‍ പങ്കെടുക്കും ; സെമിനാറിൽ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജീവിതം നല്‍കുന്ന സന്ദേശങ്ങളും വിലയിരുത്തും
സ്വന്തം ലേഖകൻ
രാമപുരം: പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനത്തിനുമായി ഒരുങ്ങി രാമപുരം. 50,000 പേര്‍ പങ്കെടുക്കുന്ന മാഹസമ്മേളനമാണു നടക്കുന്നത്. 500ലേറെ പ്രതിനിധികള്‍ ദേശീയ സിംപോസിയത്തില്‍ പങ്കെടുക്കും. ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജീവിതം നല്‍കുന്ന സന്ദേശങ്ങളെയും സെമിനാര്‍ വിലയിരുത്തും.
ചരിത്രം മറന്നുപോയ നവോഥാന നായകനായിരുന്നു അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി അവര്‍ക്കൊപ്പം ജീവിച്ച ഫാ. അഗസ്റ്റിന്‍ തേവര്‍പറമ്ബില്‍ എന്ന ‘കുഞ്ഞച്ചന്‍.’ ജാതിമത ചിന്തകള്‍ക്കതീതമായി സമൂഹത്തിലെ നാനാജാതി മതസ്ഥരായ ജനവിഭാഗത്തിന്റെ സമഗ്രമായ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാരത സഭയില്‍ രൂപതാ വൈദികരില്‍ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട് അള്‍ത്താരയില്‍ ആദരിക്കപ്പെടുന്ന ആദ്യത്തെ വൈദികനാണു കുഞ്ഞച്ചന്‍. വേണ്ടത്ര ആഹാരമോ നഗ്‌നത മറക്കാന്‍ ആവശ്യമായ വസ്ത്രമോ സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമോ ഇല്ലാതിരുന്ന ഇത്തരക്കാരുടെ ഇടയിലേക്കാണ് ‘ബന്ധിതര്‍ക്കു മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും’ നല്‍കുന്ന സുവിശേഷ ചൈതന്യവുമായി കുഞ്ഞച്ചന്‍ ഇറങ്ങിച്ചെന്നത്.
ദളിതരുടെ മാടങ്ങളെ സക്രാരിയായിക്കണ്ട അദ്ദേഹം ഹരിജനങ്ങളില്‍ ദൈവത്തെ കണ്ടു. അന്തസും ആത്മാഭിമാനവും സംസ്‌കാരവും അവര്‍ക്കു പകരാന്‍ സ്വന്തം ജീവിതം മാറ്റിവച്ചു. ദളിതര്‍ക്കു വിദ്യാഭ്യാസം നല്‍കുവാനും അവരുടെ ദാരിദ്ര്യമകറ്റുവാനും അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാനും ബഹുഭാര്യാത്വം അവസാനിപ്പിക്കുവാനും കുടുംബ ഭദ്രത ഉറപ്പിക്കുവാനും അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു.
വാര്‍ധക്യ സഹജമായ അവശതമൂലം 1973 ഒക്ടോബര്‍ 16 ന് അദ്ദേഹം നിര്യാതനായി. 2006 ഏപ്രില്‍ 30 ന് ധന്യന്‍ തേവര്‍പറമ്ബില്‍ കുഞ്ഞച്ചനെ ബനഡിക്‌ട് പതിനാറാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.
അടിമാലി സ്വദേശിയായ ഗില്‍സ എന്ന ബാലന്റെ ജന്മനാ വളഞ്ഞിരുന്ന കാല്‍പാദം ധന്യന്‍ കുഞ്ഞച്ചന്റെ മധ്യസ്ഥതയാല്‍ അത്ഭുതകരമായി സാധാരണ നിലയിലായി എന്ന സാക്ഷ്യം കണക്കിലെടുത്താണു മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയര്‍ത്തിയത്.
17നു രാവിലെ ഒന്‍പതിനു നടക്കുന്ന സിമ്ബോസിയത്തില്‍ ദളിത് ക്രൈസ്തവരുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കെസിബിസി എസ്ടി എസ് സി കമ്മീഷന്‍ ചെയര്‍മാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സിമ്ബോസിയം ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഉച്ചകഴിഞ്ഞു ചേരുന്ന ക്രൈസ്തവ മഹാസമ്മേളനം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സിമ്ബോസിയത്തിന്റെയും ക്രൈക സ്തവ മഹാസമ്മേളനത്തിന്റെയും ക്രമീകരണങ്ങള്‍ക്കുവേണ്ടി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.