നവകേരള സദസിൽ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും നടപ്പിലാക്കിയതിൽ അഭിമാനം ; പാലായിൽ 1500 കോടിയിലേറെ രൂപയുടെ പദ്ധതികൾ നടപ്പിലാക്കി: തോമസ് ചാഴികാടൻ എംപി
സ്വന്തം ലേഖകൻ
പാലാ: കഴിഞ്ഞ നാലേമൂക്കാൽ വർഷത്തിനിടയിൽ ജനപ്രതിനിധിയെന്ന നിലയിൽ പാലാ നിയോജകമണ്ഡലത്തിൽ 1500 കോടിയിലേറെ രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് പാലാ മണ്ഡലത്തിലെ വികസനനേട്ടങ്ങൾ എംപി വിലയിരുത്തിയത്.
നവകേരളസദസിന് പാലായിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചതിൽ അഭിമാനിക്കുന്നതായും എംപി അറിയിച്ചു. റബറിന്റെ താങ്ങുവില വർധന, ചേർപ്പുങ്കൽ പാലം, നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് എന്നീ മൂന്ന് വിഷയങ്ങളും സംസ്ഥാനസർക്കാർ അംഗീകരിച്ച് നടപ്പിലാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശുദ്ധജല വിതരണം, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസം, പ്രാദേശിക റോഡുകളുടെ വികസനം എന്നിങ്ങനെയാണ് വിവിധപദ്ധതികൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പൊതുപ്രവർത്തകരുമായി ആലോചിച്ച് വിജയകരമായി നടപ്പിലാക്കിയതെന്ന് എംപി പറഞ്ഞു.
മലങ്കര കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മാത്രം പാലാ മണ്ഡലത്തിന് ലഭ്യമാക്കിയത് 1360 കോടി രൂപയാണ്. ഇതിലൂടെ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലപ്പലം, തലനാട്, മീനച്ചീൽ, ഭരണങ്ങാനം പഞ്ചായത്തുകളുടെ ശുദ്ധജലപദ്ധതിയ്ക്ക് പരിഹാരം കണ്ടെത്താനാകും.
കരൂർ പഞ്ചായത്തിനായി 71 കോടി രൂപയുടെ പദ്ധതി അനുവദിച്ചത് അവസാന ഘട്ടനിർമ്മാണത്തിലെത്തിക്കാൻ കഴിഞ്ഞു. എലിക്കുളത്തിനും ശുദ്ധജലവിതരണത്തിന് പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ട്.ശുദ്ധജലവിതരണത്തിനായി പാലാ നഗരസഭയ്ക്ക് മാത്രമായി അമൃത് കുടിവെള്ള പദ്ധതിയിൽ 5.26 കോടി രൂപ അനുവദിച്ച് നൽകിയത് ഏറെ നേട്ടമായി.
എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച്പാലാ നിയോജകമണ്ഡലത്തിൽ 62 പദ്ധതികൾ ഏറ്റെടുത്തു.
3.31 കോടി രൂപയുടെ വികസനം ഇതിലൂടെ എത്തിക്കാൻ കഴിഞ്ഞു. റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട് പിഎംജിഎസ്‌വൈ പദ്ധതിയിൽ 5.63 കിലോമീറ്റർ റോഡ് വികസിപ്പിച്ചു. 4.46 കോടി രൂപ ഇത്തരത്തിൽ പ്രയോജനപ്പെടുത്തി. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസനിധിയിലൂടെ വ്യക്തികൾക്ക് ലക്ഷക്കണത്തിന് രൂപയുടെ ചികിത്സാസഹായം എത്തിച്ച്‌നൽകാൻ കഴിഞ്ഞു.
ദേശീയ ആരോഗ്യമിഷൻ പദ്ധതിയിൽ കടനാട്, മേലുകാവ് ആശുപത്രികളിലെത്തിച്ചത് 3.3 കോടി രൂപയുടെ വികസനമാണ്.ഭിന്നശേഷി സൗഹൃദമണ്ഡലമാക്കാൻ നടത്തിയ പരിശ്രമങ്ങൾ സമ്മാനിച്ച സംതൃപ്തി ചെറുതല്ല. 1416 പേർക്ക് ഈ പദ്ധതിയിലൂടെ സഹായഉപകരണങ്ങൾ നൽകാൻ കഴിഞ്ഞു. 1.44 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്. സിഎസ്ആർ, പി.എം കെയേഴ്‌സ്, സിആർഐഫ്, തൊഴിലുറപ്പ്, പിഎംഎവൈ തുടങ്ങിയ പദ്ധതിയിലൂടേയും പാലായ്ക്ക് വികസനം സമ്മാനിക്കാൻ കഴിഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ്, എൽഡിഎഫ് കൺവീനർ ബാബു കെ. ജോർജ്, സിപിഎം ഏരിയ സെക്രട്ടറി പി.എം ജോസഫ്, , അഡ്വ. ജോസ് ടോം, ടോബിൻ കെ. അലക്‌സ്, അഡ്വ. വി.ടി തോമസ്, ബെന്നി മൈലാടൂർ, കെ.എസ് രമേഷ് ബാബു, പി.കെ ഷാജകുമാർ, പീറ്റർ പന്തലാനി, പ്രഫ. ഷാജി കടമല, അഡ്വ. വി.എൽ സെബാസ്റ്റ്യൻ, പ്രശാന്ത് നന്ദകുമാർ, ബിബിൻ പള്ളിക്കുന്നേൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.