പാലായ്ക്ക് പിന്നാലെ കോട്ടയം ജില്ലയിൽ വീണ്ടും പ്രണയപക; എരുമേലി ടൗണിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനും ശ്രമം; വീട്ടിൽ കയറി യുവതിയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; കാമുകൻ ലഹരിക്ക് അടിമയായതു കൊണ്ടാണ് പ്രണയത്തിൽ നിന്ന് പിന്മാറിയതെന്ന് പെൺകുട്ടി
എരുമേലി: പാലാ സെന്റ്തോമസ് കോളേജിൽ വിദ്യാർത്ഥിനി പ്രണയപ്പകയുടെ ഇരയായതിന്റെ ഞെട്ടൽ വീട്ടുമാറും മുമ്പ് ജില്ലയെ ഞെട്ടിച്ചു കൊണ്ട് അടുത്ത ആക്രമണവും.പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയുടെ നഗ്നദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി മുഴക്കിയതിന്റെ പേരീൽ എരുമേലി സ്വദേശി ആഷിഖിനെ(26)യാണ് വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലാ സെന്റ തോമസ് കോളജിൽ നടന്നതിന് സമാനമായ കേസാണ് കഴിഞ്ഞദിവസം എരുമേലിയിൽ അരങ്ങേറിയത്.ഏറെ നാളായി ആഷിഖുമായി പ്രണയത്തിലായിരുന്ന വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടി ആഷിഖ് ലഹരിയ്ക്ക് അടിമയാണെന്നതിന്റെ കാരണത്താൽ ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നു.ഇതിന്റെ ദേഷ്യത്തിൽ യുവാവ് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി മുഴക്കുകയും പട്ടാപ്പകൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും വീട്ടിൽ കയറി മാതാവിനെയും യുവതിയെയും ആക്രമിക്കുകയും ആയിരുന്നു.കഴിഞ്ഞ ദിവസം എരുമേലി ടൗണിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം പെൺകുട്ടി നിഷേധിച്ചതാണ് തട്ടിക്കൊണ്ടു പോകലിന് കാരണമായത്. ആദ്യം യുവതിയോട് ബൈക്കിന് പിന്നിൽ കയറാൻ ആഷിഖ് ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടി തയാറാകാതെ വന്നപ്പോൾ ബലമായി പിടിച്ചു കയറ്റാൻ ശ്രമിച്ചു. വഴങ്ങാതെ വന്ന പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കിയും കൈ പിടിച്ചു തിരിച്ചും പിടിച്ചു കയറ്റാൻ നോക്കി. ഇതിനിടയിൽ ചുരിദാർ വലിച്ചു കീറുകയും ചെയ്തു. ആൾക്കാർ കൂടുന്നത് കണ്ട് ശ്രമം ഉപേക്ഷിച്ച് പോയ പ്രതി പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തി.ആഷിഖും പെൺകുട്ടിയും പ്രണയത്തിലായിരുന്ന സമയത്ത് വാട്സാപ്പ് വീഡിയോ കാൾ വിളിച്ചപ്പോഴുള്ള ദൃശ്യങ്ങൾ ആഷിഖ് സ്‌ക്രീൻ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു.ഈ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് പറഞ്ഞ് യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയെയും മാതാവിനെയും ക്രൂരമായി മർദിക്കുകയും ചെയ്തു. യുവതിയുടെ പരാതിയിൽ വെച്ചൂച്ചിറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചു വരികയാണ്. ഇയാളുടെ സ്വഭാവദൂഷ്യം അറിഞ്ഞപ്പോൾ പ്രണയത്തിൽ നിന്ന് പിന്മാറിയെന്നും പിന്നെയും പിറകേ നടന്ന ശല്യപ്പെടുത്തുകയാണെന്നും വിവാഹം കഴിക്കാൻ നിർബന്ധിക്കുകയുമാണെന്നാണ് യുവതിയുടെ പരാതി.