പാലായിൽ കരളുറപ്പോടെ കാപ്പൻ: ആദ്യഘട്ട പ്രചാരണങ്ങളിൽ മുൻതൂക്കം നേടി മാണി സി കാപ്പൻ
സ്വന്തം ലേഖകൻ
പാലാ: പാലായിൽ ഇന്ന് 36 ഡിഗ്രി സെൽഷ്യസാണ് താപനില. ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്, ഒപ്പം തിരഞ്ഞെടുപ്പു ചൂടും ഉയരുകയാണ്. പാലാ എംഎൽഎ മാണി സി കാപ്പൻ, ഇതിനകം തിരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങളിൽ ആദ്യ റൗണ്ട് പൂർത്തീകരിച്ചു കഴിഞ്ഞു. സീറ്റ് ഉറപ്പിച്ച അന്നു മുതൽ പ്രചാരണം തുടങ്ങിയിരുന്നു അദ്ദേഹം. വോട്ടർമാരെ മത്സരവിവരം അറിയിക്കുകയും വോട്ടഭ്യർത്ഥന നടത്തുകയും ചെയ്ത കാപ്പൻ, ഇതിനോടകം രണ്ടു തവണ മണ്ഡലപര്യടനം നടത്തിക്കഴിഞ്ഞു.
ഗൃഹസന്ദർശനവും സ്‌ക്വാഡ് പ്രവർത്തനങ്ങളുമായി രണ്ടാംഘട്ടപ്രചാരണത്തിലാണ് അദ്ദേഹമിപ്പോൾ. തികച്ചും ചിട്ടയായ പ്രവർത്തനം വഴി ഒരുപാടു കാതം മുന്നോട്ട് പൊയ്ക്കഴിഞ്ഞിരിക്കുന്നു. മണ്ഡലത്തിൽ നിന്നു കൊണ്ട് വിവിധപ്രശ്നങ്ങളിൽ നടത്തിയ ഇടപെടലുകളും വിശ്രമമില്ലാതെ നടത്തിയ പ്രവർത്തനങ്ങളും ജനങ്ങളെ അദ്ദേഹവുമായി വലിയ രീതിയിൽ അടുപ്പിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറുപക്ഷത്താകട്ടെ, അവ്യക്തതകളും ആശയക്കുഴപ്പങ്ങളും മൂലം അനിശ്ചിതത്വം മാറി വരുന്നതേയുള്ളൂ. മുന്നണിപ്രവേശത്തിനു മുൻപേ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഉറപ്പിച്ച സീറ്റാണ് പാലാ.
എങ്കിലും ഇവിടെ പ്രചാരണപ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നത് തുടക്കത്തിലേ കല്ലുകടിയായി. മുന്നണിയിൽ കയറിയപ്പോൾത്തന്നെ അവർ എൽഡിഎഫിലുണ്ടാക്കിയ അസ്വസ്ഥകളും പാർട്ടിയിലെ പടലപ്പിണക്കങ്ങളും തന്നെ കാരണം. കേരളം മുഴുവൻ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്. ആ വീറും വാശിയും ഇവിടെ ഇതുവരെ കാണാനായിട്ടില്ല.
ഇടതുപക്ഷപ്രവർത്തകരിൽ സാധാരണ കണ്ടുവരാറുള്ള താത്പര്യവും കാണുന്നില്ല. മാണി വിഭാഗത്തിന് കീഴടങ്ങുന്നതിലുള്ള അമർഷമാണ് എൽഡിഎഫ് പ്രവർത്തകരുടെ ഉന്മേഷക്കുറവിനു കാരണം. കേരള കോൺഗ്രസ് എമ്മിന്റെ ഈറ്റില്ലമെന്നു പ്രചരിപ്പിച്ചിരുന്ന പാലാ, മാണി സി കാപ്പൻ തട്ടകമാക്കിയതിലുള്ള ആശങ്ക, അണികളിലും നിരാശ പടർത്തിയിട്ടുണ്ട്.
പാലായിലെ വോട്ടർമാരുടെ ചിന്തയിൽ വന്ന മാറ്റവും തിരഞ്ഞെടുപ്പു പ്രചാരണരംഗത്ത് പ്രതിഫലിക്കുന്നതാണ് തിരഞ്ഞെടുപ്പുരംഗത്തെ കാഴ്ച്ച. മാണി സി കാപ്പൻ നല്ലൊരു എംഎൽഎയാണെന്ന് തെളിഞ്ഞതോടെ സ്വതന്ത്രമായി ചിന്തിക്കുന്ന യുവാക്കളടക്കം വലിയൊരു വിഭാഗം വോട്ടർമാർ മാറി ചിന്തിക്കുന്നതായാണ് തിരഞ്ഞെടുപ്പ് രംഗത്തെ ട്രെൻഡ്.
തദ്ദേശതിരഞ്ഞെടുപ്പിൽ കണ്ട ആവേശം പോലും പാലാ തിരിച്ചു പിടിക്കുമെന്നു പറഞ്ഞ് പോരിനിറങ്ങിയ ജോസിനും കൂട്ടർക്കും ഇപ്പോഴില്ല. ഈ തിരഞ്ഞെടുപ്പ് വാട്ടർലൂ ആകുമോയെന്നുള്ള നിരീക്ഷണം പൂർണമായും അസ്ഥാനത്തല്ലെന്ന് കാണിക്കുന്ന തിരഞ്ഞെടുപ്പ് ചിത്രമാണ് ഈ ഘട്ടത്തിൽ പാലായിൽ നിന്നു പറയാൻ കഴിയുന്നത്.