പാലാ ജനറല്‍ ആശുപത്രിയില്‍ ജോലിഭാരം മൂലം ഡോക്ടര്‍ കുഴഞ്ഞുവീണു; തലകറങ്ങി വീണത് ഭക്ഷണം പോലും കഴിക്കാതെ ഓപ്പറേഷൻ തിയേറ്ററില്‍ തുടരുന്നതിനിടെ; ഓപ്പറേഷൻ ആവശ്യമായതുള്‍പ്പെടെ നൂറുകണക്കിന് രോഗികളെ നോക്കാൻ ആകെ ഉള്ളത് ഒരേയാരു സർജൻ മാത്രമെന്ന് പരാതി; നട്ടംതിരിഞ്ഞ് രോഗികളും….
പാലാ: ഓപ്പറേഷൻ ആവശ്യമായതുള്‍പ്പെടെ നൂറുകണക്കിന് രോഗികളെ നോക്കാൻ പാലാ ജനറല്‍ ആശുപത്രിയില്‍ ഉള്ളത് ഒരേയാരു സർജൻ.
ജോലിത്തിരക്കിനിടയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം തലകറങ്ങി വീണു. ആശുപത്രി സൂപ്രണ്ട് ഇൻചാർജ്ജ് കൂടിയായ ഡോ. പ്രശാന്താണ് കഴിഞ്ഞദിവസം തലകറങ്ങി വീണത്.
പാലാ ജനറല്‍ ആശുപത്രി സർജറി ഒ.പി. വിഭാഗത്തില്‍ ദിവസേന 130 മുതല്‍ 150 പേർ വരെയാണ് എത്തുന്നത്. ഇവരില്‍ തൊണ്ണൂറ് ശതമാനം പേർക്കും ശസ്ത്രക്രിയ അത്യാവശ്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർജറി വിഭാഗത്തില്‍ മൂന്ന് ഡോക്ടർമാരുടെ ഒഴിവാണുള്ളത്. ഇന്നലെവരെ രണ്ടുപേരുണ്ടായിരുന്നു. ആശുപത്രി സൂപ്രണ്ടുകൂടിയായ ഡോ. പ്രശാന്തും ഡോ. സോണിയും. ഡോ. സോണി ഇന്നലെ സ്ഥലംമാറി പോയി. ഇതോടെ ആശുപത്രിയുടെ ദൈനംദിന ചുമതലയും ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഡോ. പ്രശാന്തിന് ഒറ്റയ്ക്ക് ചെയ്യേണ്ടിവന്നു.
ഭക്ഷണം പോലും കഴിക്കാതെ ഓപ്പറേഷൻ തിയേറ്ററില്‍ തുടരുന്നതിനിടെയാണ് ഡോ. പ്രശാന്ത് തലകറങ്ങി വീണത്.
ഇതിനിടെ അടിയന്തിരമായി പാലാ ജനറല്‍ ആശുപത്രിയിലേക്ക് ജോലി ക്രമീകരണത്തിന്റെ ഭാഗമായെങ്കിലും ഉടനടി സർജനെ നിയമിക്കണമെന്ന ആവശ്യവുമായി പാലാ ജനറല്‍ ആശുപത്രിയുടെ ചുമതലയുള്ള നഗരസഭാ അധികാരികള്‍ രംഗത്ത് വന്നിട്ടുണ്ട്. ജോസ് കെ. മാണി എം.പി. മുഖേന എത്രയുംവേഗം ജനറല്‍ ആശുപത്രിയില്‍ സർജനെ നിയമിക്കാനാണ് നീക്കം നടക്കുന്നത്.