പക്ഷിപ്പനി: 31371 താറാവുകളെ നശിപ്പിച്ചു  ഇന്നലെ 9730 താറാവുകളെക്കൂടി കൊന്നു സംസ്‌ക്കരിച്ചു

പക്ഷിപ്പനി: 31371 താറാവുകളെ നശിപ്പിച്ചു ഇന്നലെ 9730 താറാവുകളെക്കൂടി കൊന്നു സംസ്‌ക്കരിച്ചു

കോട്ടയം: വെച്ചൂർ, കുമരകം പഞ്ചായത്തുകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ 9730 താറാവുകളെക്കൂടി ഇന്നലെ (ഡിസംബർ 17) കൊന്നു സംസ്‌ക്കരിച്ചു. കുമരകത്ത് 4976 താറാവുകളെയും വെച്ചൂരിൽ 4754 താറാവുകളെയും ദ്രുതകർമ്മസേന കൊന്നു സംസ്‌ക്കരിച്ചു. മൂന്നുദിവസമായി ജില്ലയിൽ മൊത്തം 31371 താറാവുകളെയാണ് നശിപ്പിച്ചത്.
കുമരകത്ത് രണ്ടാം വാർഡിലെ ബാങ്ക് പടി പ്രദേശത്ത് തട്ടത്തുതറ തങ്കച്ചൻ(1106), പത്തുപങ്കിൽ രാഹുൽ(2380), ബിനുപറമ്പിൽ വിദ്യാധരൻ(130), വടക്കേവീട് ലാലൻ(1360) എന്നിവരുടെ താറാവുകളെയാണ് നശിപ്പിച്ചത്.
വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് ഉണ്ണിഭവൻ ഉദയപ്പൻ(1979), തോട്ടുവേലിച്ചിറ നാസർ(1575), മണലേൽ വിനോദ്(1200) എന്നിവരുടെ താറാവുകളെയാണ് കൊന്നു സംസ്‌ക്കരിച്ചത്. വെച്ചൂരിൽ രാത്രി വൈകിയും നശീകരണ ജോലികൾ തുടരുകയാണ്. കുമരകത്ത് നശീകരണ പ്രവർത്തികൾ സമാപിച്ചു. വെച്ചൂരിൽ ദ്രുതകർമ്മ സേനയുടെ ഏഴു സംഘങ്ങളെയും കുമരകത്ത് മൂന്നു സംഘങ്ങളെയുമാണ് നിയോഗിച്ചതെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു.
കുമരകത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ജോഷി, ഗ്രാമപഞ്ചായത്തംഗം സ്മിത സുനിൽ എന്നിവരുടെ നേതൃത്വത്തിൽ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി. കുമരകം സി.ഐ. റ്റി. മനോജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. കുമരകത്ത് ഇന്ന് (ഡിസംബർ 18) അണുനശീകരണ പ്രവർത്തനങ്ങൾ നടക്കും.