പടിയിറങ്ങുന്നത് എല്ലാരുടേയും ആദരവ് പിടിച്ചു പറ്റിയ ജനകീയനായ ഗവർണർ

പടിയിറങ്ങുന്നത് എല്ലാരുടേയും ആദരവ് പിടിച്ചു പറ്റിയ ജനകീയനായ ഗവർണർ

സ്വന്തം ലേഖിക

തിരുവനന്തപുരം: വിവാദങ്ങൾ ഒഴിവാക്കി, പ്രവർത്തിക്ക് ഊന്നൽനൽകി എളിമയും ലാളിത്യവും കൊണ്ട് ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു പടിയിറങ്ങുന്ന ഗവർണർ പി. സദാശിവം. എല്ലാവരുടെയും ആവലാതികൾ കേട്ട അദ്ദേഹം തീരുമാനങ്ങളിൽ പക്ഷേ, ആർക്കും അടിപ്പെട്ടില്ല. കേരളം നേരിടുന്ന പ്രശ്‌നങ്ങളിലെല്ലാം ഇടപെടുകയും പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ നിലപാടെടുക്കുകയും ചെയ്ത സദാശിവം സർക്കാറുമായി സംഘർഷത്തിലേക്ക് പോകാതെ തിരുത്തൽ ശക്തിയായി നിലകൊണ്ടു.

സംസ്ഥാനത്ത് ആദ്യമായി വോട്ട് ചെയ്ത ഗവർണർ കൂടിയാണ് പി. സദാശിവം. വോട്ടർപട്ടികയിൽ പേര് ചേർത്ത അദ്ദേഹം രണ്ട് തെരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിച്ചു. നിഷ്പക്ഷ നിലപാടുകളായിരുന്നു സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ സദാശിവത്തിന്റെ പ്രത്യേകത. ഉദ്ദേശിച്ച വിധം പ്രവർത്തിച്ചില്ലെന്ന പരാതി പലപ്പോഴും ബി.ജെ.പി ഉയർത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. രാഷ്്ട്രീയ കൊലപാതകങ്ങൾ വ്യാപകമായപ്പോൾ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ അദ്ദേഹം കൊടുംകുറ്റവാളികളെ മോചിപ്പിക്കുന്നതടക്കം സർക്കാറിന്റെ പല നിലപാടുകളും തള്ളി. വിവരാവകാശ കമീഷണറായി സർക്കാർ നിർദേശിച്ച ലിസ്റ്റിലെ ഒരാളെ ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിൽ ഭരണകക്ഷിക്ക് അതൃപ്തിയുണ്ടായെങ്കിലും തുടർന്നും സർക്കാറുമായി നല്ല ഇഴയടുപ്പം അദ്ദേഹം പുലർത്തി. ഏറ്റവുമൊടുവിൽ കേരള സർവകലാശാല സെനറ്റിലേക്ക് സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരെ ഒഴിവാക്കി മറ്റ് രണ്ട് പേരെ അദ്ദേഹം നിയമിച്ചിരുന്നു. വിവാദത്തോടെയാണ് ഗവർണറായി അദ്ദേഹം കേരളത്തിലേക്ക് വന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി ഗവർണറായി വരുന്നതിൽ പല രാഷ്ട്രീയ നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചുവെങ്കിലും പ്രവർത്തനം ആരംഭിച്ചേതാടെ അത് മാറി.

സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ സജീവമായി ഇടപെട്ട സദാശിവം എല്ലാ വിഭാഗക്കാരുടെയും ആവശ്യങ്ങൾ കേൾക്കാനും പരാതികൾ പരിഹരിക്കാനും സജീവ ഇടപെടൽ നടത്തി. മുൻ മുഖ്യമന്ത്രി വി.എസിനോട് വലിയ ആദരവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വേദിയിൽ വി.എസിന് പ്രസംഗിക്കാൻ മൈക്ക് പിടിച്ചുകൊടുത്തത് ശ്രദ്ധേയമായിരുന്നു. നയപ്രഖ്യാപന പ്രസംഗങ്ങൾ പ്രതിപക്ഷ ബഹളത്തെ കൂസാതെ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. ഒരിക്കൽ പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ഇത് തന്റെ ഭരണഘടന ബാധ്യതയാണെന്നും പ്രതിഷേധിക്കണമെങ്കിൽ പുറത്ത് പോകാനും അദ്ദേഹം കടുത്ത ഭാഷയിൽ പറഞ്ഞു.

സർവകലാശാലകൾ ഏകദേശം കുത്തഴിഞ്ഞ നിലയിലാണെന്ന് കണ്ട അദ്ദേഹം ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് സർവകലാശാല അധികാരികളെ വിളിച്ചുവരുത്തി കർശനമായി ശാസിച്ചു. മികച്ച പ്രവർത്തനം നടത്തുന്ന സർവകലാശാലകൾക്ക് അദ്ദേഹം ചാൻസലേഴ്‌സ് ട്രോഫി എന്ന അവാർഡും ഏർപ്പെടുത്തി ചുമതലയേറ്റയുടൻ ആദ്യ നടപടി ഗ്രീൻ കോൾ രാജ്ഭവനിൽ നടപ്പാക്കലായിരുന്നു. കേരളീയ രീതിയിൽ പൊതുവേദികളിൽ പലപ്പോഴും പ്രത്യക്ഷപ്പെട്ട അദ്ദേഹം ഓണാഘോഷങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.