പി ശ്രീരാമകൃഷ്ണന്റെ ചികില്‍സക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൊടിച്ചത് 37.44 ലക്ഷം; ആസ്റ്റര്‍ മെഡിസിറ്റിയിലെ ചികില്‍സക്ക് ചട്ടങ്ങള്‍ മറികടന്ന് നല്‍കിയത് 18 ലക്ഷം; തുടർചികിത്സയ്ക്കായി ദുബായിലേക്ക് പോകാൻ ചികിത്സാ ചെലവ് അനുവദിക്കണമെന്ന് അപേക്ഷയും; ചികിത്സയുടെ മറവിയും തട്ടിപ്പോ….?
സ്വന്തം ലേഖിക
തിരുവനന്തപുരം: പി. ശ്രീരാമകൃഷ്ണന്റെ ചികില്‍സാ ചെലവിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 37.44 ലക്ഷം രൂപ എന്ന് വിവരാവകാശ രേഖ.
കെപിസിസി. സെക്രട്ടറി സി.ആര്‍ പ്രാണകുമാറിന് നിയമസഭ സെക്രട്ടേറിയേറ്റില്‍ നിന്ന് ലഭിച്ച വിവരവകാശ മറുപടിയിലാണ് പി. ശ്രീരാമകൃഷ്ണനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിച്ച ലക്ഷങ്ങളുടെ കണക്കുകള്‍ പുറത്ത് വന്നത്. 37, 44, 199 രൂപയാണ് ശ്രീരാമകൃഷ്ണായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരുന്ന 2016 മെയ് മുതല്‍ 2021 മെയ് വരെ ചികില്‍സ ചെലവിനായി നല്‍കിയത് 15, 68, 313 രൂപ. 2021 മെയ് മാസത്തിനു ശേഷം മുന്‍ എംഎല്‍എ എന്ന നിലയില്‍ 7 തവണ പി.ശ്രീരാമകൃഷ്ണന് ചികില്‍സ ചെലവ് അനുവദിച്ചു.
21,75, 886 രൂപയാണ് ഇക്കാലയളവില്‍ ചികില്‍സ ചെലവിനായി അനുവദിച്ചത്. ഇതില്‍ 18 ലക്ഷം രൂപ മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ചത് ചട്ടങ്ങള്‍ മറികടന്നാണ്. 27.10.21 ലെ മന്ത്രിസഭ യോഗത്തില്‍ വച്ചാണ് ചട്ടങ്ങളില്‍ ഇളവ് വരുത്തി പി. ശ്രീരാമകൃഷ്ണന് ചികില്‍സ ചെലവ് നല്‍കാന്‍ തീരുമാനമായത്.
എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗവുമായി ബന്ധപ്പെട്ട് അടിയന്തര ന്യൂറോ സര്‍ജറി നടത്തുന്നതിനാണ് 18 ലക്ഷം മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ചത്. മുന്‍ എം.എല്‍എമാര്‍ക്ക് സൗജന്യ ചികില്‍സക്ക് അര്‍ഹതയുള്ളതും ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ആ ജില്ലയിലെ ഗവണ്‍മെന്റ് ആശുപത്രിയിലോ, ഗവണ്‍മെന്റ് ആശുപത്രി ഇല്ലെങ്കില്‍ മാത്രം അതേ ജില്ലയിലെ സര്‍ക്കാരിതര ആശുപത്രികളിലോ ചികില്‍സ തേടാം. ചികില്‍സക്ക് ചെലവായ തുക സര്‍ക്കാര്‍ അനുവദിക്കും.
എന്നാല്‍ മെഡിക്കല്‍ അഡ്വാന്‍സ് അനുവദിക്കാന്‍ ചട്ടമില്ല. ഇത് മറികടന്നാണ് 18 ലക്ഷം അഡ്വാന്‍സ് അനുവദിച്ചത്. അഡ്വാന്‍സ് തുക ചികില്‍സ ചെലവായി സര്‍ക്കാര്‍ പിന്നിട് ക്രമപ്പെടുത്തി.
അസുഖത്തിന് വിദേശ രാജ്യത്ത് പോയി ചികില്‍സ തേടാനുള്ള ഒരുക്കത്തിലാണ് പി. ശ്രീരാമകൃഷ്ണന്‍. ദുബായിലെ കിങ്‌സ് കോളേജ് ആശുപത്രിയിലാണ് ചികില്‍സക്കായി പോകാന്‍ പി. ശ്രീരാമകൃഷ്ണന്‍ തയ്യാറെടുക്കുന്നത്. ദുബായിലെ ആശുപത്രിയില്‍ ചികില്‍സ നടത്താനും ചികില്‍സ ചെലവ് ലഭിക്കാനും പ്രത്യേക അനുവാദം നല്‍കണമെന്നാവശ്യപെട്ട് പി. ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.