സാജന്റെ ആത്മഹത്യ ; പി ജയരാജനോട് പിണങ്ങിയാലും ഇണങ്ങിയാലും മരണം ഉറപ്പ് : കെ എം ഷാജി

സാജന്റെ ആത്മഹത്യ ; പി ജയരാജനോട് പിണങ്ങിയാലും ഇണങ്ങിയാലും മരണം ഉറപ്പ് : കെ എം ഷാജി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അടിയന്തര പ്രമേയവുമായി വീണ്ടും പ്രതിപക്ഷം. നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മൊഴി നൽകിയിട്ടും ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയില്ലെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി കെ.എം ഷാജി ചൂണ്ടിക്കാട്ടി.പി. ജയരാജനെ കണ്ടതിൻറെ പേരിലാണ് സാജൻറെ ഓഡിറ്റോറിയത്തിന് അനുമതി നൽകാതിരുന്നത്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ, ഇപ്പോൾ ഓരോ ജീവിതവും ഓരോ ഫയലാണ്. പി. ജയരാജനെ എതിർത്താലും അനുകൂലിച്ചാലും മരിക്കുമെന്നാണ് കണ്ണൂരിലെ അവസ്ഥ .ആന്തൂർ നഗരസഭാ അധ്യക്ഷക്ക് ധിക്കാരമാണ്. സാജൻ ഒരു രക്തസാക്ഷിയെന്നും അതിൽ സഭയിലുള്ള 140 പേർക്കും പങ്കുണ്ടെന്നും ഷാജി ചൂണ്ടിക്കാട്ടി. പാർട്ടിക്ക് അമ്യൂസ്‌മെൻറ് പാർക്ക് ഉണ്ടാക്കാം, എന്നാൽ പ്രവാസികളെ പറ്റില്ലെന്നും ഷാജി പറഞ്ഞു.പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഗൗരവമായി ഇടപെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ആന്തൂർ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. സാജൻറെ ഭാര്യയുടെ പരാതി ലഭിച്ചു. ശരിയായ അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് വരണം.കുറ്റവാളികളെ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമം ഉണ്ടായിട്ടില്ല. നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സി.പി.എമ്മിനെ വിമർശിക്കാൻ പി. ജയരാജനെ ഉപയോഗിക്കരുതെന്ന് പിണറായി പറഞ്ഞു. ഇത്തരം ബിംബങ്ങളെ ഉപയോഗിക്കാൻ മുമ്പും ശ്രമിച്ചിട്ടുണ്ട്. ഇത് വെച്ച് സി.പി.എമ്മിനെ വേട്ടയാടിക്കളയാമെന്ന് കരുതരുത്. ആന്തൂർ വിഷയത്തിൽ സി.പി.എം നേതാവ് എം.വി ഗോവിന്ദനെ ആക്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.സാജൻ ആത്മഹത്യ ചെയ്ത് സംഭവത്തിൽ മുഖ്യമന്ത്രിക്ക് പ്രയാസവും കുറ്റബോധവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ ബഹളം വെച്ചു. മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. ഇതേതുടർന്ന് സ്പീക്കർ സഭാ നടപടികൾ താൽകാലികമായി നിർത്തിവെച്ചു. തുടർന്ന് സഭ സമ്മേളിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുത്തി. ഇതിന് പിന്നാലെ നടപടികൾ പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.സഭ പിരിഞ്ഞതിനെ തുടർന്ന് പുറത്തിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

https://www.facebook.com/Madhyamam/videos/272423036929007/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group