ഒയോ അപ്പ് വഴി ആലപ്പുഴയില്‍ റൂം ബുക്ക് ചെയ്തു; ഹോട്ടലില്‍ എത്തിയപ്പോള്‍ ഒയോയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ഹോട്ടൽ അധികൃതർ; ഒയോ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലുംതയ്യാറായില്ല; ഓയോ അപ്പ് വഴി  റൂം ബുക്ക് ചെയ്യാന്‍ ഒരുങ്ങുന്നവര്‍ സൂക്ഷിക്കുക എന്ന  മുന്നറിയിപ്പോടെ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

ഒയോ അപ്പ് വഴി ആലപ്പുഴയില്‍ റൂം ബുക്ക് ചെയ്തു; ഹോട്ടലില്‍ എത്തിയപ്പോള്‍ ഒയോയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ഹോട്ടൽ അധികൃതർ; ഒയോ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലുംതയ്യാറായില്ല; ഓയോ അപ്പ് വഴി റൂം ബുക്ക് ചെയ്യാന്‍ ഒരുങ്ങുന്നവര്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പോടെ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ

ആലപ്പുഴ: ഒയോ അപ്പ് വഴി ആലപ്പുഴയില്‍ റൂം ബുക്ക് ചെയ്തപ്പോള്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി അനൂപ് പ്രസന്നകുമാര്‍.

ഒയോയില്‍ പണം മുന്‍കൂര്‍ അടച്ചു റൂം ബുക്ക് ചെയ്തു ഹോട്ടലില്‍ എത്തിയപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ ഒയോയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് നിലപാടിലായിരുന്നുവെന്നും രണ്ടുദിവസത്തേക്ക് റൂം ലഭിക്കില്ലെന്നും പറഞ്ഞതിന് പിന്നാലെ ഒയോ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും ഒയോ അധികൃതര്‍ തയ്യാറായില്ലെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം,

OYO – ല്‍ റൂം ബുക്ക് ചെയ്യാന്‍ ഒരുങ്ങുന്നവര്‍ സൂക്ഷിക്കുക.. നിങ്ങളുടെ റൂമും പണവും നഷ്ടപ്പെട്ടേക്കാം . ഇന്നലെ എനിക്ക് സംഭവിച്ചത് ഇന്നലെ ആലപ്പുഴയില്‍ ഉള്ള രാഗം ഹോം സ്റ്റേയില്‍ OYO വഴി ഞാന്‍ ഒരു റൂം ബുക്ക് ചെയ്തു. കനത്ത മഴയത്ത് ആ സന്ധ്യയ്ക്ക് വണ്ടി ഓടിച്ച്‌ അവിടെ എത്തി.. റിസപ്ഷനിസ്റ്റിനോട് റൂം ചോദിച്ചപ്പോള്‍ രണ്ട് ദിവസത്തേക്ക് എല്ലാ റൂമും ബുക്ക്ഡ് ആണെന്ന് അയാള്‍.. ഞാന്‍ OYO വഴി റൂം ബുക്ക് ചെയ്തിട്ടുണ്ട്, പണമടച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ആ ഹോട്ടലിന് OYO ആയി യാതൊരു ബന്ധവുമില്ല, ഇവിടെ റൂമുമില്ല എന്ന് അയാള്‍ പറഞ്ഞു..

പിന്നെ OYO യില്‍ നിങ്ങളുടെ ഹോം സ്റ്റേ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ റിസപ്ഷനിസ്റ്റ് കൈ മലര്‍ത്തുന്നു. നല്ല തര്‍ക്കത്തിന് ശേഷം ഞാന്‍ പുറത്തിറങ്ങി OYO കസ്റ്റമര്‍ കെയറില്‍ വിളിച്ചു കാര്യം പറഞ്ഞു.. ‘You please hold on, we will connect our Service department’ എന്ന് പറഞ്ഞു കുറേ നേരം ഹോള്‍ഡ് ചെയ്യിച്ചിട്ട് അവര്‍ ഫോണ്‍ കട്ട് ചെയ്തു.. 25 ഓളം തവണ ഞാന്‍ വീണ്ടും വീണ്ടും വിളിച്ചു.. അവസാനം രണ്ട് പുളിച്ചത് പറഞ്ഞപ്പോള്‍ refund ചെയ്യാമെന്ന് പറഞ്ഞു.. 5 മിനിറ്റിനുള്ളില്‍ refund കിട്ടി… എത്ര ആണെന്ന് അറിയാമോ? 30 രൂപ!… അതിന്റെ സ്‌ക്രീന്‍ ഷോട്ട് ഞാന്‍ അറ്റാച്ച്‌ ചെയ്തിട്ടുണ്ട്.. പിന്നീട് വിളിച്ചിട്ട് എന്റെ നമ്പര്‍ അവര്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു.. പണവും റൂമും പോയതിലുപരി നമ്മുടെ ഇന്ത്യയില്‍ ആണല്ലോ ഈ കൊള്ളക്കാര്‍ ഈ പകല്‍ കൊള്ള നടത്തുന്നത് എന്ന വിഷമത്തില്‍ ഞാന്‍ യാത്ര തിരിച്ചു… എത്രയെത്ര പാവങ്ങള്‍ ഇവന്മാരുടെ കൊള്ളയ്ക്ക് ഇരയായിട്ടുണ്ടാകും എന്ന് സങ്കടപ്പെട്ടു..

എങ്ങനെയും എന്നെ ചീറ്റ് ചെയ്ത് ഇവന്മാര്‍ സ്വന്തമാക്കിയ പണം ഞാന്‍ തിരിച്ചെടുക്കും, ഇനിയൊരു പാവങ്ങള്‍ക്കും ഈ ഗതി വരരുത് എന്ന് മനസ്സില്‍ ഉറപ്പിച്ച്‌ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ഇന്ന് ഇവന്മാരുമായി ബന്ധപ്പെട്ടു… 1.2 മില്യണ്‍ സബ്‌സ്‌ക്രൈബെഴ്സ് ഉള്ള എന്റെ യു ട്യൂബ് ചാനലില്‍ ഇന്ന് വൈകിട്ട് 5 മണിക്ക് ഈ തട്ടിപ്പിന്റെ വ്‌ലോഗ് വരുമെന്നും, ജേര്‍ണലിസ്റ്റ് ആയ ഞാന്‍ നാളത്തെ ദേശീയ- പ്രാദേശിക ദിനപ്പത്രങ്ങളില്‍ ഈ വാര്‍ത്ത കൊടുക്കുമെന്നും വെറുതെ മെസ്സേജ് ചെയ്തപ്പോള്‍ അവരുടെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് എന്നെ ഇങ്ങോട്ട് വിളിച്ചു, ആദ്യമായി…

ഞാന്‍ ഈ കാര്യങ്ങള്‍ ഒന്ന് കൂടി ഉറപ്പിച്ചു പറഞ്ഞപ്പോള്‍ എന്നോട് സോറി പറഞ്ഞിട്ട് 14 ദിവസത്തിനുള്ളില്‍ പണം തരാമെന്നായി.. ഇന്ന് ഒരു മണിക്കൂറിനുള്ളില്‍ refund തരുമെങ്കില്‍ എനിക്ക് മതി, അത് കഴിഞ്ഞാല്‍ നിങ്ങളുടെ തട്ടിപ്പിന്റെ കഥ പുറംലോകം അറിയും എന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.. സംഗതി പിടിവിട്ടു എന്ന് ബോധ്യപ്പെട്ട എക്‌സിക്യൂട്ടീവ് എന്നെ ലൈനില്‍ ഹോള്‍ഡ് ചെയ്യിച്ച്‌ അപ്പോള്‍ തന്നെ മുഴുവന്‍ പണവും ട്രാന്‍സ്ഫര്‍ ചെയ്ത് തന്നു.

കുറേ കളി നമുക്കും അറിയാവുന്നതുകൊണ്ട് അവന്മാരുടെ കളി ഇവിടെ നടന്നില്ല.. എങ്കിലും ഒന്നാലോചിച്ച്‌ നോക്കൂ എത്ര പാവങ്ങളുടെ പണം ഇവന്മാര്‍ ഇങ്ങനെ തട്ടിയിട്ടുണ്ടാകും.