play-sharp-fill
സ്ത്രീ ശാക്തികരണത്തിന്റെ കാലഘട്ടത്തിലും സ്ത്രീപക്ഷ സിനിമകൾ ഒന്നുമില്ല: ഒരു പെണ്ണിന്റെ കഥ എന്ന നായിക പ്രാധാന്യ സിനിമ റിലീസ് ചെയ്തിട്ട് ഇന്ന് 53 വർഷം പിന്നിട്ടു:

സ്ത്രീ ശാക്തികരണത്തിന്റെ കാലഘട്ടത്തിലും സ്ത്രീപക്ഷ സിനിമകൾ ഒന്നുമില്ല: ഒരു പെണ്ണിന്റെ കഥ എന്ന നായിക പ്രാധാന്യ സിനിമ റിലീസ് ചെയ്തിട്ട് ഇന്ന് 53 വർഷം പിന്നിട്ടു:

സ്വന്തം ലേഖകൻ
കോട്ടയം: ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായിരുന്നു ചലച്ചിത്രം എന്ന ദൃശ്യകല .
മറ്റെല്ലാ കലാരൂപങ്ങളും പ്രേക്ഷകനിലേക്ക് നേരിട്ട് എത്തിച്ചേരുമ്പോൾ സിനിമ മാത്രം ഷൂട്ട് ചെയ്തതിനു ശേഷം എഡിറ്റ് ചെയ്ത് മറ്റു കുറെ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

സിനിമയിൽ എന്നും നടീനടൻമാർ ക്യാമറയ്ക്കു മുന്നിലും സാങ്കേതിക വിദഗ്ധർ ക്യാമറയ്ക്ക് പിന്നിലുമാണ് . ക്യാമറയ്ക്ക് മുന്നിലുള്ളവരെ ജനം പെട്ടെന്ന് തിരിച്ചറിയുന്നു .
എന്നാൽ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ ആരാണെന്ന് ജനം അറിയുന്നുപോലുമില്ല .
ഇവിടെയാണ് 1971-ൽ പുറത്തുവന്ന “ഒരു പെണ്ണിന്റെ കഥ “എന്ന ചിത്രത്തിന്റെ ടൈറ്റിലിലെ പുതുമ ഓർമ്മിക്കപ്പെടുന്നത്.

സാധാരണ ചിത്രങ്ങളിൽ സിനിമയുടെ തുടക്കത്തിൽ തന്നെ ചിത്രവുമായി ബന്ധപ്പെട്ടവരുടെ പേരുകൾ എഴുതിക്കാണിക്കുകയാണല്ലോ പതിവ്. എന്നാൽ
“ഒരു പെണ്ണിന്റെ കഥ ” എന്ന ചിത്രത്തിൽ നായകനായ സത്യൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രേക്ഷകർക്ക് നേരിട്ട് പരിചയപ്പെടുത്തുന്ന ഒരു പുതുമ പരീക്ഷിക്കുകയുണ്ടായി.
അങ്ങനെ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന അണിയറപ്രവർത്തകരെ നേരിട്ടു കാണാനുള്ള ഒരു ഭാഗ്യം “ഒരു പെണ്ണിന്റെ കഥ ” എന്ന സിനിമയുടെ പ്രേക്ഷകർക്ക് അനുഭവവേദ്യമായി…
ചിത്രാഞ്ജലി ഫിലിംസിനു വേണ്ടി
കെ എസ് ആർ മൂർത്തി നിർമ്മിച്ച്
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത സിനിമയായിരുന്നു
“ഒരു പെണ്ണിന്റെ കഥ ” .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് എൽ പുരം സദാനന്ദൻ തിരക്കഥയെഴുതി സത്യനും ഷീലയും മത്സരിച്ച് അഭിനയിച്ച ഈ ചിത്രത്തിന്റെ പേരുപോലെതന്നെ
നായകനെക്കാൾ പ്രാധാന്യം നായികയ്ക്കായിരുന്നു. ഇന്നായിരുന്നു ഈ ചിത്രം പുറത്തു വന്നതെങ്കിൽ മലയാളത്തിലെ പല നായകന്മാരും സത്യനെപോലെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മുന്നോട്ടു വരില്ലായിരുന്നു.
നായകതാരത്തിന് വേണ്ടിയാണല്ലോ ഇപ്പോഴത്തെ പല തിരക്കഥകളും മാറ്റിയെഴുതപ്പെടുന്നത് .
” ഒരു പെണ്ണിന്റെ കഥ ” യിലെ സുന്ദരഗാനങ്ങളെല്ലാം വയലാർ രാമവർമ്മ എഴുതുകയും ദേവരാജൻ സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തു.
“പൂന്തേനരുവി
പൊന്മുടിപുഴയുടെ അനുജത്തി നമുക്കൊരേ പ്രായം
നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം ….”

എന്ന ഗാനം ഈ ചിത്രത്തിന്റെ വിജയഘടകത്തിൽ ഒരു പ്രധാന പങ്കു വഹിച്ചു.
ഷീല എന്ന സൗന്ദര്യധാമത്തിന്റെ ശാലീനതയിൽ പൊതിഞ്ഞ
മാദകഭാവങ്ങൾ
പൂന്തേനരുവി പോലെ തെളിഞ്ഞൊഴുകിയതായിരുന്നു
ഈ ഗാനരംഗത്തിന്റെ ഏറ്റവും വലിയ ആകർഷണം.
“സൂര്യ ഗ്രഹണം … (യേശുദാസ് )
“ശ്രാവണ ചന്ദ്രിക പൂചൂടിച്ചു ഭൂമികന്യക പുഞ്ചിരിച്ചു … (സുശീല )
“വാനവും ഭൂമിയും
തീയും ജലവും (പി.ലീല )
“കാടേഴ് കടലേഴ്…

( ജയചന്ദ്രൻ , മാധുരി ) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ ….
1971 ജനുവരി 22ന് വെള്ളിത്തിരയിലെത്തിയ
” ഒരു പെണ്ണിന്റെ കഥ “എന്ന ചിത്രത്തിന്റെ അമ്പത്തിമൂന്നാം വാർഷികദിനമാണിന്ന്.
സ്ത്രീശാക്തീകരണത്തിന്റേയും സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും കാഹളങ്ങൾ മുഴങ്ങുന്ന ഈ നാളുകളിൽ പോലും
“ഒരു പെണ്ണിന്റെ കഥ ” പോലെ നായികാപ്രാധാന്യമുള്ള സിനിമകൾ ഉണ്ടാവുന്നില്ല എന്നുള്ളതാണ് മലയാളസിനിമയുടെ ഒരു
വലിയ ദൗർഭാഗ്യം .