സ്വന്തം പിതാവിന് കരൾ ദാനം ചെയ്യാൻ നിയമ പോരാട്ടം നടത്തി പതിനേഴുകാരൻ

സ്വന്തം പിതാവിന് കരൾ ദാനം ചെയ്യാൻ നിയമ പോരാട്ടം നടത്തി പതിനേഴുകാരൻ

 

എറണാകുളം: പതിനേഴുകാരന്റെ നിയമ പോരാട്ടം വിജയത്തിലേക്ക്. സ്വന്തം കരള്‍ പിതാവിന് ദാനമായി നല്‍കാൻ ഹൈക്കോടതിയുടെ അനുമതി തേടി എഡിസൺ സ്കറിയ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസണ്‍ തൻ്റെ പിതാവായ സ്കറിയക്ക് കരള്‍ ദാനം ചെയ്യാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

ഏറെക്കാലമായി സ്കറിയ കടുത്ത കരള്‍ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവെക്കുകയാണ് അവസാനത്തെ വഴി എന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് എഡിസണും കുടുംബവും അനുയോജ്യമായ കരള്‍ ദാതാക്കളെ തേടിയെങ്കിലും കണ്ടെത്താനായില്ല. അങ്ങനെ ഇരിക്കെയാണ് മകനായ എഡിസന്റെ കരള് പിതാവിന് യോജിച്ചതാണ് എന്ന് കണ്ടെത്തുന്നത്.

എന്നാല്‍ പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള എഡിസിൻ്റെ കരള് ദാനം ചെയ്യാൻ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ നിയമത്തിൻ്റെ വകുപ്പുകള്‍ അനുവദിക്കുന്നില്ല. എന്നാല്‍ അവയവദാന ചട്ടങ്ങള്‍ 5(3)(g) പ്രകാരം മൈനർ ആയ ഒരാള്‍ക്ക് ഓരോ സംസ്ഥാനത്തെ ഉചിതമായ മെഡിക്കല്‍ അതോറിറ്റിയുടെ അനുമതിയോട് കൂടി അവയവ ദാനം നടത്താൻ സാധിക്കും എന്നതിനെ അടിസ്ഥാനമാക്കി എഡിസണ്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈനർടെ മാതാവ് കുവൈറ്റില്‍ ആയതിനാല്‍ പിതാവ് തന്നെയാണ് മൈനറിനെ പ്രതിനിധീകരിച്ചത്. മൈനറിൻ്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാലും മാതാവ് വിദേശത്ത് ആയതിനാല്‍ ആരാണ് മൈനറിനെ പ്രതിനിധീകരിക്കാൻ ഉചിതം എന്നതും കോടതിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയതിനാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി അമിക്കസ് ക്യൂറിയോട് അഭിപ്രായം ആരായുകയും, അമിക്കസ് ക്യൂറിയുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തില്‍ മൈനറിൻ്റെ ‘ നെസ്റ്റ് ഫ്രണ്ട് ‘ എന്ന നിലയില്‍ മൈനറിൻ്റെ അമ്മാവനെ പ്രതിനിധിയായി അംഗീകരിക്കുകയും ചെയ്തു. പ്രസ്തുത കേസ് ഏപ്രില്‍ 23 ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വേനലവധിക്ക് വീണ്ടും പരിഗണിക്കുകയും മൈനറായ എഡിസണെ വൈദ്യപരിശോധനക്ക് വിധേയമാക്കി കരള് ദാനം ചെയ്യാനുള്ള ശേഷി വിലയിരുത്താനും കോടതി നിർദ്ദേശിച്ചു.

പിതാവിൻ്റെ ഗുരുതരമായ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് 15 ദിവസത്തിനുള്ളില്‍ തന്നെ പ്രസ്തുത വൈദ്യ പരിശോധന നടത്താനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കരള് ദാനത്തിനുള്ള നിയമ തടസ്സം മൂലം അനിശ്ചിതത്തിലായ എഡിസൻ്റെ കുടുംബത്തിന് ഹൈക്കോടതിയുടെ വിധി ആശ്വാസമായിരിക്കുകയാണ്.