സംസ്ഥാനത്തെ തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നു; അവയവ മാഫിയ നിരവധി പേരുടെ വൃക്കകള്‍ പണം കൊടുത്ത് വാങ്ങിയതായി റിപ്പോർട്ട്; പരസ്പരം പഴിചാരി പൊലീസും ആരോഗ്യവകുപ്പും
സ്വന്തം ലേഖിക
തിരുവനന്തപുരം: തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്പരം പഴിചാരി പൊലീസും ആരോഗ്യവകുപ്പും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് അവയവ മാഫിയ നിരവധി പേരുടെ വൃക്കകള്‍ പണം കൊടുത്ത് വാങ്ങിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ഈ വിഷയത്തില്‍ കേസെടുക്കേണ്ടത് പൊലീസാണെന്ന് ആരോഗ്യവകുപ്പും അതല്ല ആരോഗ്യവകുപ്പിന്‍റെ തുടര്‍ നടപടിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഴിഞ്ഞത്ത് പണം വാങ്ങി വൃക്ക വില്‍പന നടത്തുന്നതിനെ കുറിച്ചുള്ള വാര്‍ത്ത ഇരു സര്‍ക്കാര്‍ വകുപ്പുകളും തത്വത്തില്‍ സമ്മതിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകള്‍ ചൂഷണം ചെയ്താണ് തീരദേശത്ത് അവയവ വില്‍പന നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ നടപടി എടുക്കേണ്ടത് അഭ്യന്തര വകുപ്പാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ വാദം.
തീരദേശത്തെ അവയവ കച്ചവടം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ബന്ധുക്കള്‍ അല്ലാത്തവര്‍ക്കാണ് വൃക്കകള്‍ നല്‍കിയിരിക്കുന്നതെന്നും ഇതില്‍ പണ ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിറ്റി പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വൃക്ക ദാനം ചെയ്തവരില്‍ നിന്ന് ശേഖരിച്ച മൊഴികളില്‍ സ്വന്തം ഇഷ്ടപ്രകാരം പണം വാങ്ങാതെയാണ് വൃക്ക ദാനം ചെയ്തതെന്നാണ് പറയുന്നുണ്ടെങ്കിലും വാണിജ്യ ഇടപെടലുകള്‍ നടന്നതായും പണം വാങ്ങിയാണ് വ്യക്തികള്‍ വൃക്കകള്‍ നല്‍കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍, അവയവദാന നിയമ പ്രകാരം വിഷയത്തില്‍ നടപടി എടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ലഭിച്ച രണ്ട് പരാതികളിലും ഇതുവരെയായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനാല്‍ പൊലീസിന് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വൃക്ക വില്‍പ്പനയുമായി ബന്ധപ്പെട്ട് മാര്‍ച്ച് നാലിന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഇരു റിപ്പോട്ടുകളിലും വാദം കേള്‍ക്കും.