ഓപ്പറേഷന്‍ കുബേര പ്രതിസന്ധിയിലാക്കി; പെരുമ്പാവൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം അനധികൃത പണമിടപാട്

ഓപ്പറേഷന്‍ കുബേര പ്രതിസന്ധിയിലാക്കി; പെരുമ്പാവൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം അനധികൃത പണമിടപാട്

സ്വന്തം ലേഖകന്‍

പെരുമ്പാവൂര്‍: കൂട്ട ആത്മഹത്യ ചെയ്ത പെരുമ്പാവൂരിലെ കുടുംബത്തിന് വിനയായത് പോലീസിന്റെ ഓപ്പറേഷന്‍ ‘കുബേര’ യാണെന്ന് നാട്ടുകാര്‍. ചിട്ടി നടത്തിപ്പായിരുന്നു ബിജുവിന്റെ ഉപജീവന മാര്‍ഗം. ചിട്ടിയില്‍നിന്ന് ലഭിച്ച ആദായത്തിലൂടെയായിരുന്നു വീട് പണിതതും ജീവിതം കരുപ്പിടിപ്പിച്ചതും.

ചിട്ടി പിടിക്കുന്നവര്‍ ചെറിയ പലിശയ്ക്ക് ബിജുവിന് കൊടുക്കുന്ന പണം ഇരട്ടി പലിശക്ക് ബിജു പുറത്ത് കൊടുക്കാന്‍ തുടങ്ങി. ആ ഇടയ്ക്കാണ് അനധികൃത പണമിടപാട് നിയന്ത്രിക്കാനും പലിശക്കാരെ ഇല്ലായ്മ ചെയ്യാനും സര്‍ക്കാര്‍ ‘ ഓപറേഷന്‍ കുബേര’ നടപ്പാക്കി തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ബിജുവിന്റെ കയ്യില്‍ നിന്നും ഇരട്ടി പലിശയ്ക്ക് പണം വാങ്ങിയവര്‍ തിരിച്ചുകൊടുക്കാതെയായി. അനധികൃത പണമിടപാട് ആയതിനാല്‍ നിയമപ്രകാരമുള്ള നടപടികളിലൂടെ പണം തിരിച്ച് വാങ്ങാനും സാധിക്കാതെയായി.

ഇതോടെ ബിജു പണം കൊടുക്കാനുള്ളവര്‍ പ്രശ്നങ്ങളുണ്ടാക്കിത്തുടങ്ങി. ഇത് ജീവിതത്തെ കുടുംബത്തെയും സാരമായി ബാധിച്ചു. ഇതിനിടെ വീടും സ്ഥലവും സമീപത്തെ സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയിരുന്നു. പശുക്കളെ വളര്‍ത്തി പാല്‍ വിറ്റായിരുന്നു പിന്നീട് ഉപജീവനം.

സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും കൈവിട്ടതോടെ ഡിസംബര്‍ 31ന് ജീവിതം അവസാനിപ്പിക്കുമെന്ന് സൂചന നല്‍കിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഇതിനിടെ തറവാട് വീട്ടുവളപ്പിലെ മാവിന്റെ കൊമ്പ് വീട്ടിലേക്ക് ചാഞ്ഞത് ബിജു വെട്ടിമാറ്റിയിരുന്നു. ഇതുസംബന്ധിച്ച് സഹോദരന്‍ ഷിജുവുമായി ബുധനാഴ്ച വാക്കേറ്റവും ബഹളവുമുണ്ടായി. ഷിജുവിന്റെ പരാതിയില്‍ വ്യാഴാഴ്ച ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.