കൊന്നു തള്ളിയത് തന്നെ..! 11 വര്‍ഷത്തെ ദുരൂഹത മറനീക്കി; ഊരൂട്ടമ്പലത്തെ വിദ്യയെയും രണ്ടരവയസുകാരി മകളെയും കൊന്നത് കാമുകന്‍ മാഹിന്‍കണ്ണ്; ഇരുവരെയും കടല്‍ കാണിക്കാന്‍ കൊണ്ടുപോയ ശേഷം കടലില്‍ തള്ളിയിട്ടു; മകളെ കണ്ടെത്താനാകാത്ത ദുഃഖത്തില്‍ വിദ്യയുടെ അച്ഛന്‍ തൂങ്ങി മരിച്ചത് കഴിഞ്ഞ വര്‍ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം. ഊരൂട്ടമ്പലം സ്വദേശി വിദ്യയെയും രണ്ടര വയസുകാരി മകള്‍ ഗൗരിയെയും വിദ്യയുടെ കാമുകന്‍ മാഹിന്‍ കണ്ണ് ആണ് കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തിത് കടലില്‍ തള്ളിയിട്ടെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. അന്ന് തന്നെയാണ് കൊലപാതകം നടന്നതും. മാഹിന്‍കണ്ണിന്റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി. വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിന്‍കണ്ണ് പൊലീസിന് നല്‍കിയ മൊഴി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിന്‍കണ്ണിനൊപ്പം മലയിന്‍കീഴിനടുത്ത് വാടകവീട്ടില്‍ താമസം തുടങ്ങി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിന്‍കണ്ണ് ഒഴിഞ്ഞുമാറി. വിദ്യ ഗര്‍ഭിണിയായതോടെ മാഹിന്‍കണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാര്‍ച്ച് 14 ന് വിദ്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.ഒന്നര വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിന്‍കണ്ണ് തിരിച്ചെത്തി.
അതിനിടെയാണ് ഇയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തര്‍ക്കമായി. 2011 ആഗസ്ത് 18 ന് വൈകീട്ട് വിദ്യയെയും രണ്ടര വയസ്സുകാരിയായ ഗൗരിയെയും കൊണ്ട് മാഹിന്‍കണ്ണ് ബൈക്കോടിച്ചു പോയി. അതിന് ശേഷം വിദ്യയെയും കുഞ്ഞിനെയും ആരും ഇതുവരെ കണ്ടില്ല. വിദ്യയുടെ അമ്മയും അച്ഛനും കാണാതായി നാലാം ദിവസം മാറനെല്ലൂര്‍ പൊലീസിലും പൂവാര്‍ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. പൂവാറില്‍ തന്നെയുണ്ടായിരുന്ന മാഹിന്‍ കണ്ണിനെ പൊലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിന്‍ കണ്ണ് പറഞ്ഞത്.
മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിന്‍ കണ്ണിനെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിന്‍ കണ്ണ് വര്‍ഷങ്ങക്കിപ്പുറവും പൂവാറില്‍ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോള്‍ മാറനെല്ലൂര്‍ പൊലീസ് അണ്‍നോണ്‍ ആക്കി പൂഴ്ത്തി വെക്കുകയായിരുന്നു. മകളെ കാണാതായ ദുഃഖത്തില്‍ ജയചന്ദ്രന്‍ കഴിഞ്ഞ വര്‍ഷം തൂങ്ങി മരിക്കുകയും ചെയ്തിരുന്നു.