ജര്‍മനിയില്‍ ചികിത്സയ്ക്ക് പോകും മുൻപേ പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടി; ദയറയില്‍ പ്രത്യേകം പ്രാര്‍ത്ഥന; നാടിന്റെ സ്നേഹവായ്പ്പ് ഏറ്റുവാങ്ങി കുഞ്ഞൂഞ്ഞ് തലസ്ഥാനത്തേക്ക്….
സ്വന്തം ലേഖിക
കോട്ടയം: ആലുവയിലെ വിശ്രമം അവസാനിപ്പിച്ച് തിരുവനന്തപുരത്തേയ്ക്ക് മടങ്ങും വഴി കോട്ടയത്ത് തങ്ങിയ ഉമ്മന്‍ചാണ്ടി നാടിന്റെ സ്നേഹവായ്പ്പ് ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസം രാത്രി നാട്ടകം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷം ഇന്നലെ രാവിലെയാണ് അദ്ദേഹം പാമ്പാടി ദയറയിലെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ വിവാഹം നടന്ന ദയറയില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തി.
കാണാനെത്തിയവരോട് പുഞ്ചിരിച്ചും വിശേഷങ്ങള്‍ ചോദിച്ചും ഉമ്മന്‍ചാണ്ടി കൂടുതല്‍ ഊര്‍ജസ്വലനായി. പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലില്‍ വീട്ടിലെത്തുമ്പോള്‍ പതിവ് ജനക്കൂട്ടം. നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട നേതാവിനെ കണ്ടതിന്റെ ആവേശത്തിലായിരുന്നു പുതുപ്പള്ളിക്കാര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയും നിവേദനങ്ങളുമായി പതിവ് ആള്‍ക്കൂട്ടം.
വിശ്രമത്തിലായിരുന്നതിനാല്‍ എല്ലാ ഞായറാഴ്ചകളിലുമുള്ള പുതുപ്പള്ളിയിലെ വീട് സന്ദര്‍ശനം ഇക്കുറിയില്ലായിരുന്നു.
എണ്‍പതാം പിറന്നാള്‍ വലിയ ആഘോഷമാക്കാന്‍ പുതുപ്പള്ളിക്കാര്‍ ആലോചിച്ചിരുന്നെങ്കിലും ആലുവയിലെ വിശ്രമക്കിടക്കയിലായതിനാല്‍ നടന്നില്ല. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി വന്നിറങ്ങിയത്.
ശബ്ദവിശ്രമമുള്ളതിനാല്‍ എല്ലാവരുടേയും കുശാലാന്വേഷണത്തിനുള്ള മറുപടി ചിരിയിലൊതുക്കി. ഇടയ്ക്ക് വന്ന ഫോണ്‍ കോളുകള്‍ക്ക് ചെറുമറുപടികള്‍. ഭക്ഷണവും മരുന്നും കൃത്യസമയത്ത് കഴിക്കണമെന്ന നാട്ടുകാരുടെ സ്നേഹ ശാസനയ്ക്ക് ചിരിയോടെയുള്ള മറുപടി.
നിവേദനങ്ങളുമായി എത്തിയവരെ ആശ്വസിപ്പിച്ച് പുതുപ്പള്ളി പള്ളിയിലേയ്ക്കുള്ള യാത്ര. പള്ളിയിലെത്തി മനമുരുകി പ്രാര്‍ത്ഥിച്ച ഉമ്മന്‍ചാണ്ടി അതുവഴി തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. മകന്‍ ചാണ്ടി ഉമ്മനെ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയ്ക്ക് പറഞ്ഞയച്ചതിന് ശേഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെത്തിയത്.
ഭാര്യ മറിയാമ്മയും മൂത്തമകള്‍ മറിയവും ഒപ്പമുണ്ടായിരുന്നു. അടുത്തയാഴ്ചയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ജര്‍മനിക്ക് പോവുന്നത്.