ഓണ്‍ലൈൻ ട്രേഡിങ്ങിന്റെ മറവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പേരില്‍ വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ്; പണം നല്‍കി വെട്ടിലായത് ഒരു ലക്ഷം മുതല്‍ രണ്ട് കോടി വരെ നിക്ഷേപിപ്പിച്ചവര്‍; ആർവൈഎഫ് ഇടുക്കി ജില്ലാ വൈസ് പ്രസിഡൻ്റിൻ്റെ പരാതിയിൽ ചേർത്തല സ്വദേശിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്
ആലപ്പുഴ: റിസർവ് ബാങ്ക് ഗവർണറുടെ പേരില്‍ വ്യാജ രേഖ ചമച്ച് ഓണ്‍ലൈൻ ട്രേഡിങ്ങിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ചേർത്തല വാരനാട് ലിസ്യു നഗർ സ്വദേശി തറയില്‍ സുജിത്തിനെതിരെ ചേർത്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ആർ.വൈഎഫ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ റിസർവ് ബാങ്ക് ഗവർണർക്ക് നല്കിയ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് ചേർത്തല പൊലീസ് കേസെടുത്തത്.
പ്രതിദിന വരുമാനം വാഗ്ദാനം ചെയ്ത് സുജിത്ത് വിവിധ ജില്ലകളില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് സൂചന. പണം നല്‍കിയവർക്ക് വാഗ്ദാനം ചെയ്ത തുക ലഭിക്കാതെ വന്നപ്പോള്‍ ഇയാളെ സമീപിച്ചു. പണം ഉടൻ മടക്കി നല്കാമെന്നും റിസർവ് ബാങ്കിന്റെ ചില തടസങ്ങള്‍ നീങ്ങണമെന്നും അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ ഇടപാടുകാരെ വിശ്വസിപ്പിക്കാനായി ഗവർണറുടെ പേരില്‍ രേഖ ചമച്ച് വാട്സാപ്പിലൂടെ അയച്ചു കൊടുക്കുകയായിരുന്നു.
ലഭിച്ച രേഖ വ്യാജമാണെന്ന് മനസിലാക്കി തട്ടിപ്പിന് ഇരയായവർ റിസർവ് ബാങ്കിനെ സമീപിക്കുകയായിരുന്നു. സുജിത്തും വൈക്കം സ്വദേശിയായ സഹായിയും ചേർന്നാണ് രേഖ നിർമ്മിച്ചത് എന്നാണ് സൂചന.
തുടർന്ന് റിസർവ് ബാങ്ക് റീജണല്‍ മാനേജർ ക്രൈംബ്രാഞ്ചിന് പരാതി നല്കുകയായിരുന്നു.