ഓണ്‍ലൈന്‍ വായ്പയുടെ പേരില്‍ ചൂഷണം; തലവയ്ക്കുന്നവരില്‍ നിന്നും പിഴിഞ്ഞെടുക്കുന്നത് കടം വാങ്ങിയ തുകയുടെ പത്തിരട്ടി; നല്കാന് തയ്യാറാകാത്തവരുടെ മോര്‍ഫിംഗ് ഫോട്ടോ ഷെയര്‍ ചെയ്ത് ഭീഷണി; ലോണ്‍ ആപ്പുകളുടെ കെണികള്‍ക്കെതിരെ നിരവധി പരാതികള്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: ആപ്പുകള്‍ വഴി വായ്പകള്‍ നല്കുന്നവര് ഉപഭോക്താക്കളെ അമിതചൂഷണത്തിന് ഇരയാക്കുന്നതായി വ്യാപക പരാതി.
എതിര്‍ക്കുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സൃഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്താണ് വായ്പാ ആപ്പ് സംഘങ്ങള്‍ ഉപഭോക്താക്കളെ ബ്ലാക്ക്മെയ്ല്‍ ചെയ്യുന്നത്. ആധാര്‍, പാന്‍ രേഖകള്‍ ഉപയോഗിച്ചും പലതരത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്.
വായ്പ എടുക്കുമ്പോള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം തിരിച്ചടവില്‍ ഇവര്‍ ഈടാക്കുന്നു. ഇത് നല്കാന് തയ്യാറാകാത്തവരെയാണ് ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കാന്‍ വായ്പാ സംഘങ്ങള്‍ ശ്രമിക്കുന്നത്.
കോവിഡ് മൂലമോ മറ്റ് കാരണങ്ങള്‍ മൂലമോ ഒരു തവണയെങ്കിലും അടവ് മുടങ്ങിപ്പോകുന്നവരില് നിന്നും അതിന്റെ പേരില്‍ വലിയ മാറ്റമാണ് വായ്പാ ആപ്പുകള്‍ തിരിച്ചടവില്‍ വരുത്തുന്നത്.
കോവിഡ് കാലത്ത് സാമ്പത്തികത്തകര്‍ച്ച നേരിട്ടവരുടെ ഗതികേടിനെയാണ് ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ ചൂഷണം ചെയ്യുന്നത്. പെഴ്സനല്‍ ലോണ്‍ വേഗത്തില്‍ ലഭിക്കും എന്ന വാഗ്ദാനത്തിലാണ് പലരും പെട്ടുപോകുന്നത്. വായ്പ കിട്ടുമെന്ന് കരുതി ആധാറും പാന്‍നമ്പറുമെല്ലാം ഓണ്‍ലൈനില്‍ നല്‍കും.
ഒരുലക്ഷം രൂപ ചോദിക്കുന്നവര്‍ക്ക് ആദ്യം ഒരാഴ്ച കാലയളവില്‍ 5000 രൂപ നല്‍കും. പലിശ കഴിഞ്ഞ് 3500 രൂപ മാത്രം അക്കൗണ്ടില്‍ വരും.
തിരിച്ചടവ് വൈകുമ്പോഴാണ് ഈ തട്ടിപ്പ് കമ്പനികള്‍ ഭീഷണികള്‍ ആരംഭിക്കുന്നത്. വായ്പയ്ക്കായി നല്കിയ ഫോട്ടോ, പാന്‍, ആധാര്‍ കാര്‍ഡ് എന്നിവ ദുരുപയോഗിക്കുകയാണ് ആദ്യം ചെയ്യുന്നത്. ലോണ്‍ എടുത്തവരുടെ മുഴുവന്‍ ഫോണ്‍ കോണ്ടാക്ട്സിലേക്കും മോശം സന്ദേശങ്ങള്‍ അയയ്ക്കും. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കും.
കഴിഞ്ഞ ദിവസം ഇവര്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചവനെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയുടെ ചിത്രമാണ് പ്രചരിപ്പിച്ചിരുന്നു. വായ്പാ ആപ്പ് കെണിയില്‍ കുടുങ്ങിയ ആയിരങ്ങളില്‍ ഒരാള്‍ മാത്രമാണിത്. കേരളത്തില്‍ മാത്രം ആയിരങ്ങള്‍ ഈ കെണിയില്‍ കുടുങ്ങിയിട്ടുണ്ടെങ്കിലും പുറത്തുപറയാന്‍ മടിക്കുന്നതും പരാതി നല്‍കാത്തതും തട്ടിപ്പുകാര്‍ക്ക് സൗകര്യമാകുന്നു.