നാല് മാസത്തിനിടയിൽ 11കാരൻ മൊബൈൽ റീചാർജ്ജ് ചെയ്തത് 28000 രൂപയ്ക്ക് ; മകന്റെ ഓൺലൈൻ ഗെയിംമിന്റെ ത്രിൽ മാതാപിതാക്കളറിഞ്ഞത് ഒന്നര ലക്ഷം രൂപ മോഷണം പോയതോടെ ; ചങ്ങരംകുളത്തെ മൊബൈൽ ഷോപ്പിന് മുന്നിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
സ്വന്തം ലേഖകൻ
മലപ്പുറം: കഴിഞ്ഞ നാല് മാസം കൊണ്ട് 11കാരൻ മൊബൈൽ റീചാർജ്ജ് ചെയ്തത് 28000 രൂപയ്ക്കാണ്.വീട്ടിൽ നിന്ന് നിരന്തരം പണം മോഷണം പോവുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ സംഭവം അന്വേഷിക്കുന്നതിനിടെയാണ് മകൻ മൊബൈലിൽ വലിയ തുകയ്ക്ക് റീച്ചാർജ്ജ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടത്.
തുടർന്ന് രക്ഷിതാക്കളാവട്ടെ മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പിന്നീട് അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്. 11 കാരന്റെ നിർദേശത്തെ തുടർന്ന് സുഹൃത്തായ മുതിർന്ന കുട്ടിയാണ് റീചാർജ് ചെയ്ത് നൽകിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റീചാർജ് ചെയ്യാൻ ആവശ്യമുള്ള പണം വീട്ടിൽ നിന്ന് മോഷ്ടിച്ച് സുഹൃത്തുക്കളെ ഏൽപ്പിക്കുകയായിരുന്നു. ഇവർ പിന്നീട് വീടിന് സമീപത്തുള്ള മൊബൈൽ ഷോപ്പിൽ നിന്ന് റീചാർജ് ചെയ്യുകയായിരുന്നു.
10 ഉം 15 പേർ ഒരുമിച്ചാണ് വലിയ തുകക്ക് റീചാർജ് ചെയ്യുന്നതെന്നും മൊബൈലിൽ ഗെയിം കളിക്കാനായിരുന്നു റീച്ചാർജ്ജ് ചെയ്യുന്നതെന്നും മറ്റു കുട്ടികളും ചേർന്നാണ് ഓൺലൈൻ ഗെയിം കളിച്ചിരുന്നതെന്നുമാണ് ഷോപ്പിലെ ജീവനക്കാരനോട് ഇവർ പറഞ്ഞിരുന്നത്.
വീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷണം പോയെന്നാണ് വീട്ടുകാരുടെ ആരോപണം. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് മകന്റെ ഓൺലൈൻ ഗെമിന്റെ ത്രിൽ മാതാപിതാക്കളും അറിഞ്ഞത്. കുട്ടിയുടെ രക്ഷിതാക്കളും മൊബൈൽ ഷോപ്പ് ജീവനക്കാരും തമ്മിലുള്ള ബഹളം സംഘർഷാവസ്ഥയിൽ എത്തിയതോടെ ചങ്ങരംകുളം സിഐ സജീവ് , എസ്‌ഐ ആന്റോ , വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് പതിവാണെന്നും വീട്ടുകാർ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ ജാഗ്രത പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമിതമായ തുക വിദ്യാർത്ഥികൾ മൊബൈൽ റീചാർജ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ പൊലീസിനെ അറിയിക്കണമെന്ന് മൊബൈൽ ഷോപ്പ് ജീവനക്കാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട് .