അഡ്മിനായ അദ്ധ്യാപകൻ ഓൺലൈൻ പഠന ഗ്രൂപ്പിൽ ഇട്ടത് അശ്ലീല വീഡിയോ..! ആകെ പുലിവാലായി ഓൺലൈൻ പഠനം; കണ്ടാലറയ്ക്കുന്ന വീഡിയോ കുട്ടികൾക്കു മുന്നിൽ വിളമ്പിയ അദ്ധ്യാപകൻ പ്രതിയാകും; എരിവും പുളിയും കൂടിയ പാഠഭാഗം കുട്ടികളുടെ ഫോണിൽ കണ്ട മാതാപിതാക്കൾ കലിപ്പിൽ
തേർഡ് ഐ ബ്യൂറോ
കൊച്ചി: ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓൺലൈൻ പഠനമാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. സ്‌കൂളുകളിൽ ഓൺലൈൻ പഠനം ആരംഭിച്ചതോടെ അധ്യാപകർക്കും മെനക്കേടായി മാറിയിരിക്കുകയാണ്. ഫോണിന്റെ മെമ്മറി മുഴുവനും കുട്ടികളുടെ വീഡിയോയും സംശയങ്ങളും കൊണ്ടു നിറഞ്ഞു കഴിഞ്ഞു. ഇതിനിടെ പുലിവാൽ പിടിച്ച ഒരു അധ്യാപകന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.
ഓൺ ലൈൻ പഠന വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അബദ്ധത്തിൽ പോസ്റ്റ് ചെയ്ത അദ്ധ്യാപകനാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. സ്‌ക്കൂൾ അധികൃതരുടെ പരാതിയിൽ ഓയൂർ ചുങ്കത്തറ വെളിനല്ലൂർ ഇ.ഇ.ടി.യു.പി സ്‌ക്കൂൾ അദ്ധ്യാപകൻ മരുതമൺ സ്വദേശി മനോജ് കെ.മാത്യു(45)വിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അദ്ധ്യാപകനെ സ്‌ക്കൂൾ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്‌ക്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള ഓൺ ലൈൻ പഠന ഗ്രൂപ്പിൽ കുട്ടികൾക്കൊപ്പം രക്ഷാകർത്താക്കളും മലയാളം പഠന ക്ലാസ്സിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് അശ്ലീല വീഡിയോ ഗ്രൂപ്പിൽ എത്തിയത്. പഠനത്തിന്റെ ഭാഗമായുള്ള വീഡിയോ ആണെന്ന് കരുതി കുട്ടികൾക്കൊപ്പം തന്നെ മാതാപിതാക്കളും വീഡിയോ ഓപ്പൺ ചെയ്തു.
അശ്ലീല വീഡിയോ കണ്ടതോടെ മാതാപിതാക്കൾ ഞെട്ടി. ഫോൺ ഓഫ് ചെയ്ത് വിവരം സ്‌ക്കൂൾ പ്രഥമാധ്യാപികയെ അറിയിച്ചു. പ്രഥമാധ്യാപിക ഉടൻ തന്നെ വീഡിയോ പോസ്റ്റ് ചെയ്ത അദ്ധ്യാപകനെ ബന്ധപ്പെട്ട് വിശദീകരണം തേടി.
തന്റെ ഫോണിൽനിന്നും അറിയാതെയാണ് വീഡിയോ വന്നതെന്നും എന്നാൽ താനല്ല ഇത് ചെയ്തതെന്നും അദ്ധ്യാപകൻ വിശദീകരണം നൽകി. തന്റെ സുഹൃത്ത് താനറിയാതെ ഫോൺ ഉപയോഗിച്ചപ്പോൾ അറിയാതെ ഗ്രൂപ്പിലേക്ക് വീഡിയോ ഫോർവേഡ് ആയതാണെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നെന്നും അദ്ധ്യാപകൻ വിശദീകരണം നൽകിയതായി പ്രഥമാധ്യാപിക പറഞ്ഞു.
ഇക്കാര്യം പ്രഥമാധ്യാപിക ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. തൊട്ടു പിന്നാലെ അദ്ധ്യാപകനും ക്ഷമാപണം നടത്തി. എന്നാൽ മാതാപിതാക്കൾ അദ്ധ്യാപകനെതിരെ തിരിഞ്ഞതോടെ പ്രഥമാധ്യാപിക സ്‌കൂളിൽ അദ്ധ്യാപകയോഗം വിളിച്ചു. തുടർന്ന് സ്‌കൂൾ അധികൃതർ വെളിയം എ.ഇ.ഒ.യ്ക്കും സ്‌കൂൾ മാനേജർക്കും റിപ്പോർട്ട് നൽകി. പിന്നീട് പൂയപ്പള്ളി പൊലീസിൽ പരാതിയും നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. അബദ്ധത്തിൽ സംഭവിച്ചു പോയതാണെന്നാണ് അദ്ധ്യാപകൻ പൊലീസിന് നൽകിയ മൊഴി. ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. അതേ സമയം അദ്ധ്യാപകൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു എന്ന് സ്‌ക്കൂൾ മാനേജർ ജോൺസൺ എബ്രഹാമും പ്രഥമാധ്യാപിക ജോയിസ് തോമസും പറഞ്ഞു.
20 വർഷത്തോളമായി അദ്ധ്യാപകവൃത്തി നടത്തുന്ന മനോജ് മികച്ച അദ്ധ്യാപകനാണ്. യു.പി വിഭാഗത്തിൽ മറ്റ് വിഷയങ്ങളേക്കാൾ ഇംഗ്ലീഷ് ക്ലാസ്സാണ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. കുട്ടികൾക്കും ഏറെ പ്രിയങ്കരനായ അദ്ധ്യാപകൻ കൂടിയാണിദ്ദേഹം. ഇത്രയും നാൾ യാതൊരു പരാതിയും അദ്ധ്യാപനെതിരെ ഉയർന്നിട്ടില്ല. എന്നാൽ അശ്ലീല വീഡിയോ ദൃശ്യം അബദ്ധത്തിൽ ഗ്രൂപ്പിലെത്തിയതോടെ അദ്ധ്യാപകൻ പെട്ടു പോകുകയായിരുന്നു.
അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി. വെളിനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ പ്രഥമാധ്യാപികയെ ഓഫീസിൽ ഉപരോധിച്ചു. ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചതോടെ സമരക്കാർ പിരിഞ്ഞുപോയി. അദ്ധ്യാപകനെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. വെളിനല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയം എ.ഇ.ഒ. ഓഫീസും ഉപരോധിച്ചു.