ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ല: മലപ്പുറത്ത് പതിനാലുകാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; പെൺകുട്ടി ജീവനൊടുക്കിയത് നമ്മുടെ സ്വന്തം കേരളത്തിൽ..!

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ല: മലപ്പുറത്ത് പതിനാലുകാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; പെൺകുട്ടി ജീവനൊടുക്കിയത് നമ്മുടെ സ്വന്തം കേരളത്തിൽ..!

തേർഡ് ഐ ബ്യൂറോ

മലപ്പുറം: ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ വന്ന പതിന്നാലുകാരിയായ പെൺകുട്ടിയുടെ ആത്മഹത്യയിൽ നടുങ്ങി നാട്. ഒന്നാം സ്ഥാനത്താണ് എന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് പഠിക്കാൻ സൗകര്യമില്ലാതെ വന്നതിനെ തുടർന്നു ആദിവാസി പെൺകുട്ടി ജീവനൊടുക്കുന്ന സ്ഥിതിയുണ്ടായത്.

മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയത്തെ പതിനാലുകാരിയുടെ മരണമാണ് കേരളം എന്ന നാടിന് നാണക്കേടിന്റെ മറ്റൊരു അദ്ധ്യായമായി മാറിയത്. ഇരുമ്പിളിയം തിരുനിലയം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളായ ദേവികയാണ് മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവികയുടെ വീട്ടിൽ സ്മാർട്ട് ഫോണോ, ടിവിയോ ഉണ്ടായിരുന്നില്ല. സ്‌കൂളിലെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ദേവികയ്ക്കു സാധിച്ചിരുന്നതുമില്ല. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതിൽ ദേവിക അസ്വസ്ഥയായിരുന്നു. ഇതു മാതാപിതാക്കളുമായി പങ്കു വച്ച ദേവിക പലപ്പോഴും പൊട്ടിക്കരയുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്നും മണ്ണെണ്ണ കന്നാസും കണ്ടെത്തിയിട്ടുണ്ട്.

മുന്നൊരുക്കങ്ങളില്ലാതെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ സംസ്ഥാനത്ത് ഓൺലൈൻ പഠനം ആരംഭിച്ചതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോൾ കാണുന്നത്. വിദ്യാർത്ഥിനി ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് ഒഴിഞ്ഞു മാറാൻ സാധിക്കില്ല.

പണം ഇല്ലാത്തതിനാൽ കേടായ ടി.വി നന്നാക്കാൻ കഴിയാത്തതും, സ്മാർട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടർന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന പെൺകുട്ടി പഠനം തടസപെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞുകിടക്കുന്ന മറ്റൊരു വീട്ടു മുറ്റത്ത് കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലോടെ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ എം.കെ. ഷാജി പറഞ്ഞു.

ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം, തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് മൃതദേഹം പരിശോധനയ്ക്കുശേഷം മേൽനടപടികൾക്കായി മഞ്ചേരി മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോകും.