ഓ.എൽ.എക്‌സിലെ പട്ടാളത്തട്ടിപ്പ് കോട്ടയത്തും: മാന്നാനം സ്വദേശിയ്ക്കു പോയത് കാൽലക്ഷം രൂപയിലേറെ..! ബുള്ളറ്റിട്ട് നാട്ടുകാരെ പറ്റിക്കാൻ വീണ്ടും തട്ടിപ്പ് സംഘം

ഓ.എൽ.എക്‌സിലെ പട്ടാളത്തട്ടിപ്പ് കോട്ടയത്തും: മാന്നാനം സ്വദേശിയ്ക്കു പോയത് കാൽലക്ഷം രൂപയിലേറെ..! ബുള്ളറ്റിട്ട് നാട്ടുകാരെ പറ്റിക്കാൻ വീണ്ടും തട്ടിപ്പ് സംഘം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ബംഗളൂരുവിൽ അരങ്ങേറിയ ഒ.എൽ.എക്‌സ് പട്ടാളത്തട്ടിപ്പ് കോട്ടയത്തും..! പട്ടാളക്കാരന്റെ വണ്ടി വിൽക്കാനുണ്ടെന്നു പരസ്യം നൽകിയാണ് തട്ടിപ്പു സംഘം പണം അടിച്ചു മാറ്റിയത്. പരസ്യത്തിൽ കണ്ട ഹോണ്ടാ ഡിയോ സ്‌കൂട്ടർ വാങ്ങാനിറങ്ങിയ മാന്നാനം സ്വദേശിയ്ക്കു നഷ്ടമായത് 32000 രൂപയാണ്.

ഒരാഴ്ച മുൻപായിരുന്നു സംഭവം. കൊച്ചിയിൽ പട്ടാള ഉദ്യോഗസ്ഥന്റെ ഹോണ്ട ഡിയോ സ്‌കൂട്ടർ വിൽക്കാനുണ്ടെന്ന പരസ്യം ഒ.എൽ.എക്‌സിൽ കണ്ടാണ് മാന്നാനം സ്വദേശിയായ യുവാവ് ബന്ധപ്പെട്ടത്. തുടർന്നു, പരസ്യം നൽകിയ ആളെ ബന്ധപ്പെട്ടതോടെ കൊച്ചിയിലെ പട്ടാളക്കാരനുമായി സംസാരിച്ചു. വിശ്വാസം വരാൻ വേണ്ടി പട്ടാള യൂണിഫോമിലുള്ള പട്ടാള ഉദ്യോഗസ്ഥന്റെ ഫോട്ടോയും അയച്ചു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന്റെ കാര്യത്തിൽ ഇരുവരും തമ്മിൽ ധാരണയുമായി. 2017 മോഡൽ ഡിയോ, സിംഗിൾ ഓണർ, ആകെ ഓടിയത് 37000 കിലോമീറ്റർ മാത്രവും. സംഭവം കണ്ടതോടെ മാന്നാനം സ്വദേശി സ്‌കൂട്ടർ വാങ്ങാൻ തയ്യാറായി. പട്ടാളത്തിന്റെ സ്‌കൂട്ടറായതിനാൽ പേപ്പർ ശരിയാക്കാൻ കൂടുതൽ പണം വേണമെന്ന് തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു. ഇത് അനുസരിച്ചു പല തവണയായി 32000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം തട്ടിപ്പാണ് എന്നു കണ്ടെത്തിയത്.

ഇതേ തുടർന്നു ഇയാൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനു നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം കോഴിക്കോട് ഉള്ളയാൾ ഫെയ്‌സ്ബുക്കിൽ വിൽക്കാനിട്ട സ്‌കൂട്ടറിന്റെ ചിത്രം ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയതെന്നു കണ്ടെത്തി. തുടർന്നു, പൊലീസ് അന്വേഷണം ആരംഭിച്ചെന്നു മനസിലാക്കിയതോടെ ചിത്രം പിൻവലിച്ച സംഘം രക്ഷപെട്ടു.

ഇതിനു ശേഷം മറ്റൊരു ബുള്ളറ്റിന്റെ ചിത്രവുമായി തട്ടിപ്പ് സംഘം രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ, ഈ ചിത്രത്തിലുള്ള ബുള്ളറ്റ് കണ്ടു പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെ പരസ്യം പിൻവലിച്ചു.