യാത്രയ്ക്കായി ബുക്ക് ചെയ്ത ഓട്ടോ റദ്ദാക്കിയതിന് യുവതിക്ക് മർദ്ദനം: ഒല ഡ്രൈവറിനെ അറസ്റ്റ് ചെയ്ത് ബംഗളൂരു പോലീസ്
ബംഗളൂരു: ഓൺലൈനായി ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയ യുവതിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്ത ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രയ്ക്കായി മറ്റൊരു ഓട്ടോ തെരഞ്ഞെടുത്തതിന് യുവതിയെ തല്ലിയ ഒല ഓട്ടോ ഡ്രൈവറെ ആർ മുത്തുരാജ് (46) നെ ബെംഗളൂരു മഗഡി റോഡ് പോലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തുക്കളായ രണ്ട് യുവതികൾ ഒല വഴി പ്രത്യേകം പ്രത്യേകം ഓട്ടോകൾ ബുക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ബുക്ക് ചെയ്ത ഓട്ടോകളിൽ ഒരെണ്ണം ആദ്യം എത്തിയപ്പോൾ രണ്ട് യുവതികളും ആ ഓട്ടോയിൽ തന്നെ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ രണ്ടാമത്തെയാള്‍ ബുക്ക് ചെയ്ത ഓട്ടോ റദ്ദാക്കുകയായിരുന്നു.
ബംഗളൂരുവിൽ പലപ്പോഴും ബുക്ക് ചെയ്ത ഓട്ടോറിക്ഷകൾ പോലും വരാൻ വളരെ വൈകുന്നതും അധിക പണം ഈടാക്കുന്നതും പതിവാണ്. അതിനാൽ, തങ്ങൾക്ക് സമയ നഷ്ടം ഉണ്ടാകാതിരിക്കാനാണ് ആദ്യമെത്തിയ ഓട്ടോയിൽ പോകാൻ തീരുമാനിച്ചതെന്നാണ് യുവതികൾ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, രണ്ടാമത്തെ ഓട്ടോ റദ്ദാക്കിയത്, എത്തുമെന്ന് അറിയിച്ചിരുന്ന സ്ഥലത്ത് ഓട്ടോ എത്തിച്ചേരാന്‍ വെറും ഒരു മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു. ഇത് ഓട്ടോ ഡ്രൈവറെ പ്രകോപിതനാക്കുകയും ചെയ്തു. യുവതികള്‍ കയറിയ ഓട്ടോ തടഞ്ഞ്, യുവതിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ വീഡിയോയിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഇയാൾ ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.