ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരം; മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും; സ്റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്നും നടപടി എടുക്കുമെന്നും എസ് പി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശുചിമുറിയിലെ ലായനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച പാറശ്ശാല ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ ആരോഗ്യ നില തൃപ്തികരം. നിലവില്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എസ്.പി ഡി.ശില്പ അറിയിച്ചു.
ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രതി തന്നെയാണ് ലായനി കുടിച്ച കാര്യം പറഞ്ഞത്. അപ്പോള്‍ തന്നെ അറിഞ്ഞതുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാനായി. ഉടന്‍ തന്നെ വയറു കഴുകിയെന്നും ഇപ്പോള്‍ ആരോഗ്യസ്ഥിതി തൃപ്തികരമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. അണുബാധ ഒന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്നും വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും എസ് പി പറഞ്ഞു.മജിസ്‌ട്രേറ്റിനെ ആശുപത്രിയില്‍ കൊണ്ടു വന്ന് ഇവിടെ വെച്ചു തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും റൂറല്‍ എസ് പി പറഞ്ഞു.