തേര്‍ഡ് ഐ ന്യൂസിന് നന്ദി പറഞ്ഞ് ചെന്നൈയിലെ കുമാറും സംഘവും..! റെയില്‍വേ സ്റ്റേഷനില്‍ ശീതീകരിച്ച വിശ്രമമുറി തോമസ് ചാഴിക്കാടന്‍ എംപി യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു; മണ്ഡലകാലത്തിന് മുന്‍പ് പില്‍ഗ്രിം സെന്ററും തുറക്കും; അതിവേഗ നടപടി ശബരിമല തീര്‍ത്ഥാടകനായ കുമാറിനും സംഘത്തിനും കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ നേരിടേണ്ടി വന്ന ദുരനുഭവം തേര്‍ഡ് ഐ ന്യൂസ് പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ

തേര്‍ഡ് ഐ ന്യൂസിന് നന്ദി പറഞ്ഞ് ചെന്നൈയിലെ കുമാറും സംഘവും..! റെയില്‍വേ സ്റ്റേഷനില്‍ ശീതീകരിച്ച വിശ്രമമുറി തോമസ് ചാഴിക്കാടന്‍ എംപി യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു; മണ്ഡലകാലത്തിന് മുന്‍പ് പില്‍ഗ്രിം സെന്ററും തുറക്കും; അതിവേഗ നടപടി ശബരിമല തീര്‍ത്ഥാടകനായ കുമാറിനും സംഘത്തിനും കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ നേരിടേണ്ടി വന്ന ദുരനുഭവം തേര്‍ഡ് ഐ ന്യൂസ് പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ

സ്വന്തം ലേഖകന്‍

കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ ശീതീകരിച്ച വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. 40 യാത്രക്കാര്‍ക്ക് ഒരേ സമയം വിശ്രമിക്കാന്‍ സൗകര്യം ലഭ്യമാകുന്ന വിശ്രമമുറി കോട്ടയം റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റുഫോമില്‍ തോമസ് ചാഴികാടന്‍ എം.പി തുറന്നു കൊടുത്തു. ഒരു മണിക്കൂര്‍ നേരത്തേ്ക്ക 30 രൂപയാണ് ഈടാക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മൂന്ന് വീതം കുളിമുറിയും, മൂന്ന് വീതം ശുചിമുറിയും ഒരുക്കിയിട്ടുണ്ട്.

ശബരിമല സീസണ്‍ നവംബര്‍ മാസം 16ന് ആരംഭിക്കുന്നതിന് മുന്‍പായി മൂന്ന് നിലയിലുള്ള പില്‍ഗ്രിം സെന്റര്‍ കൂടി തുറക്കുമെന്ന് എംപി അറിയിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ യാത്രക്കാര്‍ക്കും സൗകര്യപ്രദമായ വിശ്രമ സൗകര്യമാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. പില്‍ഗ്രിം സെന്ററില്‍ അയ്യപ്പന്മാര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൂന്ന് നിലകളില്‍ ഓരോ നിലകളിലും 20 വീതം കുളിമുറിയും, ശുചിമുറിയും ആണ് സജ്ജീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകിട്ട് ശബരിമല നട തുറന്നതിനെ തുടര്‍ന്ന് ധാരാളം തീര്‍ത്ഥാടകര്‍ കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ എത്തുകയും ശുചിമുറിയോ വിരി വയ്ക്കാന്‍ സൗകര്യമോ ഇല്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന വിവരം തേര്‍ഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു. ചെന്നൈയില്‍ നിന്നും ചെറിയ മകള്‍ക്കൊപ്പം ശബരിമലയ്ക്ക് പോകാന്‍ കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ കുമാറും സംഘവും കോട്ടയം റയില്‍വേ സ്‌റ്റേഷനിലെ ദുരിതം തേര്‍ഡ് ഐ ന്യൂസുമായി പങ്ക് വച്ചിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട തോമസ് ചാഴിക്കാടന്‍ എംപി മണിക്കൂറുകള്‍ക്കകം വിഷയത്തില്‍ പരിഹാരവുമായെത്തുകയായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെങ്കിലും, വിശ്രമമുറി തുറന്ന് നല്‍കിയ വിവരം അറിയിച്ചതോടെ, ഇത്രവേഗം നടപടി ഉണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും മണ്ഡലകാലത്ത് തന്റെ നാട്ടില്‍ നിന്ന് വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഗുണം ഉണ്ടാകുമെന്നും കുമാര്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ റബ്ബര്‍ ബോര്‍ഡ് ജംഗ്ഷന്‍ വഴി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യം മണ്ണിടിച്ചില്‍ മൂലം ഉണ്ടായിട്ടുണ്ട്. റബ്ബര്‍ ബോര്‍ഡ് മുതല്‍ ഗുഡ് ഷെഡ് റോഡില്‍ പുതുക്കി നിര്‍മ്മിച്ച പാലം വരെ മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗത്ത് പൈലിങ് നടത്തി റോഡ് സുരക്ഷിതമായി പുനര്‍നിര്‍മ്മിക്കാന്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം സ്റ്റേഷനില്‍ പ്രത്യേക ഡിസൈന്‍ തയാറാക്കി വരികയാണെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചതായി എം.പി അറിയിച്ചു.

ഈ സാഹചര്യത്തില്‍ ശബരിമല സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പായി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് കടന്നു വരാന്‍ നാഗമ്പടം ഗുഡ്സ് ഷെഡ് റോഡ് വഴിയില്‍ നടക്കുന്ന നിര്‍മ്മാണ ജോലികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഉദാത്ത സുധാകറിന് എം.പി നിര്‍ദ്ദേശം നല്‍കി.

രണ്ടാഴ്ചക്കുള്ളില്‍ നാഗമ്പടം ഗുഡ്‌ഷെഡ് റോഡിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം.പിക്ക് ഉറപ്പ് നല്‍കി. റെയില്‍വേ വികസനം സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ ഈ മാസം 25ന് നടത്തും. റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ മാനേജര്‍ വിനയന്‍, കോട്ടയം റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് ബാബു തോമസ്, ജോസഫ് ചാമക്കാല, രാജു ആലപ്പാട്, ജോജി കുറത്തിയാടന്‍, ഐസക് പ്ലാപ്പള്ളി, രൂബേഷ് എബ്രഹാം, ഗൗതം നായര്‍, സതീഷ് എന്നിവര്‍ എം.പിക്കൊപ്പം സന്നിഹിതരായിരുന്നു.