ഇന്നലെ അടച്ച ഓഫിസുകൾ തുറക്കുക ഇനി എട്ട് ദിവസത്തിന് ശേഷം: ഈ ആഴ്ചയിൽ രണ്ടു ദിവസം ബിവറേജുകൾക്കും അവധി; ഓണം ആഘോഷിക്കാൻ കാത്തിരുന്നവർക്ക് നിരാശ
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളെ കാത്തിരിക്കുന്നത് അവധികളുടെ ഓണക്കാലം. ഞായറാഴ്ച അടച്ച സർക്കാർ ഓഫിസുകൾ ഇനി തുറക്കുക അടുത്ത ഞായറാഴ്ച മാത്രമാണ്. ഇതിനിടെ ഈ ആഴ്ചയിൽ രണ്ടു ദിവസം ബിവറേജസ് ഷോപ്പുകൾ അടച്ചിടുകയും ചെയ്യും. തിരുവോണത്തിനും, ശ്രീനാരായണ ഗുരുജയന്തിയ്ക്കുമാണ് രണ്ടു ദിവസം ബിവറേജുകൾക്ക് അവധി നൽകിയിരിക്കുന്നത്. തിരുവോണ ദിവസമായ 11 ന് ബിവറേജുകൾക്ക് അവധിയാണ്. എന്നാൽ, ഈ ദിവസം ബാറുകൾ തുറന്ന് പ്രവർത്തിക്കും. ശ്രീനാരായണ ഗുരുദേവജയന്തിയായ 13 നും ബിവറേജുകളും ബാറുകളും അടക്കമുള്ള എല്ലാ മദ്യവിൽപന ശാലകൾക്കും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച മുതൽ സർക്കാർ ഓഫിസുകൾക്ക് തുടർച്ചയായ 8 ദിവസം അവധിയാണ്. ബാങ്കുകൾ അടുത്തയാഴ്ച രണ്ടുദിവസം മാത്രമേ തുറന്നുപ്രവർത്തിക്കൂ.
സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയാൽ പിന്നെ പതിനാറാം തീയതി ജോലിക്കുപോയാൽ മതി. ഇന്ന് ഞായർ, തിങ്കൾ മുഹ്റം, ചൊവ്വ മുതൽ വ്യാഴം വരെ ഓണാവധി. വെള്ളി നാലാം ഓണവും ശ്രീനാരായണഗുരു ജയന്തിയും. തുടർന്ന് രണ്ടാം ശനിയും ഞായറും. ബാങ്ക് ജീവനക്കാർക്ക് തിങ്കൾ, വ്യാഴം ലീവ് എടുത്താൽ ഒരാഴ്ച അവധികിട്ടും. ജീവനക്കാരിൽ പലരും ദീർഘമായ അവധിയാഘോഷിക്കാൻ കുടുംബസമേതം യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ ഓഫിസുകളിൽ അവശ്യചുമതലകൾ നിർവഹിക്കാൻ ഏതാനും ജീവനക്കാരെ ചുമതലപ്പെടുത്തി വകുപ്പുകൾ ശനിയാഴ്ച ഉത്തരവിറക്കി. കേന്ദ്രസർക്കാർ ജീവനക്കാർക്ക് തിരുവോണത്തിന് മാത്രമേ അവധിയുള്ളു. ബാങ്കുകൾക്ക് തുടർച്ചയായ അവധിയില്ലാത്തത് ഇടപാടുകാർക്ക് ആശ്വാസമായി. 13 മുതൽ 15 വരെ ബാങ്ക് അവധിയാണെങ്കിലും എടിഎമ്മുകളിൽ പണം തീരുന്നതിനനുസരിച്ച് നിറയ്ക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.