നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണം: ഒരു മാസം പിന്നിടുമ്പോഴും സഹപാഠികളായ നാല് വിദ്യാർത്ഥിനികളിൽ മാത്രം കേസ് ഒതുങ്ങി നിൽക്കുന്നു, അമ്മുവിന്റെ മരണം നടന്ന ദിവസം രണ്ട് മണിക്കൂർ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും എബിവിപി
പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ കോളേജ് അധികൃതരിലേക്ക് അന്വേഷണം എത്താതിരിക്കാൻ രഷ്‌ട്രീയ ഇടപെടൽ നടക്കുന്നതായി എബിവിപി.
അന്വേഷണം വൈകിപ്പിച്ച് പ്രതികളെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥി പീഡനങ്ങൾ തുടർച്ചയാകുകയാണ്.
ഇത് തടയാൻ പിണറായി സർക്കാരിന് കഴിയുന്നില്ല. പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. സിദ്ധാർത്ഥിന്റെ മരണവും യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് അക്രമം നേരിട്ടതും ഐടിഐകളിൽ എബിവിപി ഉൾപ്പെടെയുളള സംഘടനാ പ്രവർത്തകർക്ക് നേരെ തുടർച്ചയായ അക്രമങ്ങളുണ്ടാകുന്നതും ഇതിന് തെളിവാണെന്ന് ഈശ്വരപ്രസാദ് ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് വേണ്ട രീതിയിൽ പരിഹരിക്കുന്നതിലോ അതിൽ നിന്ന് വിദ്യാർത്ഥി സമൂഹത്തെ മോചിപ്പിക്കുന്നതിലോ പരാജയമാണെന്ന് വീണ്ടും തെളിയിക്കുകയാണ് പിണറായി സർക്കാരെന്ന് ഈശ്വരപ്രസാദ് ചൂണ്ടിക്കാട്ടി. സിദ്ധാർത്ഥന്റെ വിഷയത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് കോടതിയിൽ നിന്ന് അനുകൂലമായ വിധികളുണ്ടാകുന്നു. അതിൽ പങ്കുളള അധികൃതരെ സർക്കാർ തന്നെ സംരക്ഷിക്കുന്നു.
അന്വേഷണം തുടങ്ങുമ്പോൾ തന്നെ അതിനെ അട്ടിമറിച്ച് മുന്നോട്ടുപോകുകയാണ് ചെയ്യുന്നത്. അന്വേഷണത്തിന്റെ തുടക്കത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകളാണ് ഇതിലേക്ക് നയിക്കുന്നത്. സർക്കാരും അതിന് ഒത്താശ ചെയ്യുന്നു. അതു തന്നെയാണ് അമ്മു സജീവന്റെ കാര്യത്തിലും സംഭവിക്കുന്നതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഞങ്ങൾ ഇരയോടൊപ്പമാണെന്ന് ആരോഗ്യമന്ത്രി പറയുന്ന സമയത്ത് തന്നെ ഉത്തരവാദികളായ അധികൃതരെ സംരക്ഷിക്കുന്ന രീതിയിലാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും സഹപാഠികളായ നാല് വിദ്യാർത്ഥിനികളിൽ മാത്രം കേസ് ഒതുങ്ങി നിൽക്കുകയാണ്. മാനസീകമായി പീഡിപ്പിക്കുന്നു എന്ന് പറഞ്ഞ് എസ്എംഇ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിന് കുടുംബം രണ്ട് തവണ പരാതി നൽകിയിട്ടുണ്ട്.
ഒക്ടോബർ 25 നാണ് അച്ഛൻ ആദ്യ പരാതി നൽകിയത്. എന്നാൽ, പോലീസിനും മാദ്ധ്യമങ്ങൾക്കും മുന്നിൽ വീട്ടുകാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചതാണെന്ന് പ്രിൻസിപ്പൽ കള്ളം പറഞ്ഞു. അമ്മുവിന്റെ മരണം നടന്ന നവംബർ പതിനഞ്ചാം തിയതി ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ നാല് മണി വരെ ആ പെൺകുട്ടിയെ സൈക്യാട്രി വിഭാഗത്തിലെ അദ്ധ്യാപകനായ സജി കൗൺസിലിംഗ് എന്ന പേരിൽ മാനസീകമായി പീഡിപ്പിക്കുകയായിരുന്നു.
വനിതാ അദ്ധ്യാപകരുടെ സാന്നിദ്ധ്യമോ പ്രിൻസിപ്പലിന്റെ നിർദ്ദേശമോ ഇല്ലാതെയും ആയിരുന്നു അദ്ധ്യാപകന്റെ പ്രവൃത്തിയെന്ന് ഈശ്വരപ്രസാദ് ചൂണ്ടിക്കാട്ടി. അദ്ധ്യാപകനെതിരെ ഗുരുതരമായ ആരോപണം ഉയർന്നിട്ടും ചെറുവിരൽ അനക്കാൻ പൊലീസോ അധികാരികളോ തയ്യാറായിട്ടില്ല.
ഇത്രയും ദിവസമായിട്ടും നാല് വിദ്യാർത്ഥിനികളെ മാത്രം ഉൾപ്പെടുത്തി ബാക്കിയുളളവരെയെല്ലാം സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിഗൂഢമായ പല കാര്യങ്ങളും ഉണ്ടായിട്ടും പൊലീസ് നിരുത്തരവാദപരമായിട്ടാണ് മുന്നോട്ടുപോകുന്നത്. സംഭവത്തിലെ രാഷ്‌ട്രീയ ഇടപെടലാണ് ഇതിന് കാരണമെന്നും എബിവിപി ആരോപിച്ചു.
അദ്ധ്യാപകനെയും ഇതിൽ പങ്കുളള കോളേജിലെ മറ്റ് അധികാരികളെയും പ്രതിചേർത്ത് എഫ്‌ഐആർ ഇടാൻപൊലീസ് തയ്യാറാകണം. അദ്ധ്യാപകന്റെ പങ്ക് കൃത്യമായി പരിശോധിക്കണമെന്നും അല്ലെങ്കിൽ വരും ദിവസങ്ങളിലും എബിവിപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഈശ്വരപ്രസാദ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ എബിവിപി ജില്ലാ അദ്ധ്യക്ഷൻ അരുൺ മോഹൻ, ജില്ലാ സെക്രട്ടറി അശ്വിൻ, ജില്ലാ സമിതിയംഗം ആരതി തുടങ്ങിയവരും പങ്കെടുത്തു.
അമ്മു സജീവിന്റെ മരണത്തിന് പിന്നാലെ സംഭവത്തിൽ കോളേജ് അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ എബിവിപി പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. അദ്ധ്യാപകനായ സജിയെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് അമ്മുവിന്റെ പിതാവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.