play-sharp-fill
ആരും ഏറ്റെടുക്കാനില്ലാതെ അഞ്ച് മാസമായി ആശുപത്രി മോര്‍ച്ചറിയില്‍ അജ്ഞാത മൃതദേഹം ; ഒടുവിൽ അന്ത്യകര്‍മങ്ങള്‍ ഏറ്റെടുത്ത് സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ സുരഭി മോഹൻ

ആരും ഏറ്റെടുക്കാനില്ലാതെ അഞ്ച് മാസമായി ആശുപത്രി മോര്‍ച്ചറിയില്‍ അജ്ഞാത മൃതദേഹം ; ഒടുവിൽ അന്ത്യകര്‍മങ്ങള്‍ ഏറ്റെടുത്ത് സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ സുരഭി മോഹൻ

സ്വന്തം ലേഖകൻ

കൊല്ലം: ആരും ഏറ്റെടുക്കാനില്ലാതെ അഞ്ച് മാസമായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന് അന്ത്യ കര്‍മം ചെയ്ത് നഴ്സിംഗ് ഓഫീസര്‍. കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ സുരഭി മോഹൻ ആണ് ആരുടെയും മനസ് നിറയ്ക്കുന്ന സല്‍ക്കര്‍മം ചെയ്തിരിക്കുന്നത്.

അച്ഛന് സ്ട്രോക്ക് വന്ന് ഐസിയുവില്‍ ചികിത്സയിലിരിക്കുമ്പോഴാണ് സുരഭി ആദ്യമായി സലീമിനെ കാണുന്നത്. ആരും പരിചരിക്കാനും ഭക്ഷണം നല്‍കാനുമൊന്നുമില്ലാതെ കിടക്കുന്നത് കണ്ടാണ് ശ്രദ്ധിച്ചത്. പിന്നീട് സുരഭി തന്നാല്‍ ആകും വിധത്തിലുള്ള സഹായങ്ങള്‍ അദ്ദേഹത്തിന് ചെയ്തു. അച്ഛനെ നോക്കുന്നതിനൊപ്പം അദ്ദേഹത്തിനും ഭക്ഷണം നല്‍കി, പരിചരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസം മുട്ടലോടെയാണ് അമ്പത്തിനാലുകാരനായ സലീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. റേഡരികില്‍ നിന്നോ മറ്റോ പൊലീസുകാരാണ് അദ്ദേഹത്തെ എടുത്ത് ആശുപത്രിയിലെത്തിച്ചതെന്നാണ് സുരഭി പറയുന്നത്. സലീമിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ ഏറെ പ്രത്യേകത തോന്നിയെന്ന് സുരഭി പറയുന്നു. കാണുമ്പോഴേ നമുക്ക് ഇഷ്ടം തോന്നുന്ന പ്രകൃതം.

സംസാരിച്ചുതുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വവും ഏറെ ഇഷ്ടമായി. പക്ഷേ വീട്ടുകാരെ കുറിച്ചോ മറ്റ് വിവരങ്ങളോ ഒന്നും ഒരിക്കലും പറഞ്ഞില്ല. അത് അസുഖത്തിന്‍റെ പ്രയാസങ്ങള്‍ കൊണ്ട് കിടക്കുന്നതിനാല്‍ പറയാത്തതാണോ, അതോ അവ പറയാനുള്ള പ്രയാസമാണോ എന്നറിയില്ല. എന്തായാലും ഉറ്റവരെ കുറിച്ചോ വീടിനെയോ നാടിനെയോ കുറിച്ചോ ഒന്നും സൂചിപ്പിച്ചതേ ഇല്ല.

പിന്നീട് സലീമിനെ എംഐസിയുവിലേക്ക് മാറ്റിയപ്പോഴും സുരഭി കാണാൻ ചെല്ലുന്നത് മുടക്കിയില്ല. ഒരു ദിവസം കാണാൻ ചെന്നപ്പോള്‍ അദ്ദേഹം തന്‍റെ കൺമുന്നില്‍ വച്ച് തന്നെ നോക്കിക്കൊണ്ട് മരണപ്പെടുകയായിരുന്നുവെന്ന് സുരഭി പറയുന്നു. അത് മനസിനെ ഏറെ സ്പര്‍ശിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോള്‍ അന്നേ സുരഭി പൊലീസ് സര്‍ജനോട് പറഞ്ഞിരുന്നു, ഏറ്റെടുക്കാൻ ആരുമെത്തിയില്ലെങ്കില്‍ തന്നെ അറിയിക്കണമെന്ന്.

അഞ്ച് മാസം പിന്നിട്ടു. ആരും സലീമിനെ അന്വേഷിച്ചെത്തിയില്ല. അങ്ങനെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ സുരഭി തന്നെ അന്ത്യകര്‍മങ്ങള്‍ ഏറ്റെടുത്ത് നടത്താൻ മുന്നിട്ടിറങ്ങി. മോര്‍ച്ചറിയില്‍ ജോലി ചെയ്യുന്ന സന്തോഷ്, ഫോട്ടോഗ്രാഫര്‍ ക്രിസ്റ്റി, നഴ്സിംഗ് അസിസ്റ്റന്‍റ് സുനില്‍ കാര്‍ലോസ് എന്നിവരെല്ലാം സുരഭിക്കൊപ്പം ചേര്‍ന്നു.

മൃതദേഹം കുളിപ്പിച്ചൊരുക്കി. കൊല്ലം ജുമാ മസ്ജിദില്‍ നിന്ന് പുരോഹിതരെ വരുത്തി. അന്ത്യകര്‍മ്മങ്ങളെല്ലാം ചെയ്ത് ആദരപൂര്‍വം ആ മൃതദേഹത്തെ വിട്ടുകൊടുത്തു. മനുഷ്യത്വമെന്നത് വറ്റാത്ത ഉറവയാണെന്നും അത് ഏത് അവസ്ഥയിലും മനുഷ്യരില്‍ സാധ്യതകള്‍ കണ്ടെത്തുന്നുവെന്നും നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് സുരഭി. ഇങ്ങനെയും ചില മനുഷ്യര്‍ നമുക്കിടയിലുണ്ടല്ലോ എന്നത് എപ്പോഴും പ്രതീക്ഷയും സന്തോഷവുമാണ്.