മുന്നോട്ടു മാറി നിൽക്കാൻ ശ്രമിക്കുമ്പോൾ പിന്നിൽനിന്ന് ഒരാൾ തോണ്ടുന്നതു പോലെ തോന്നി; തിരിഞ്ഞു നോക്കിയപ്പോൾ പുറകിലോട്ടു മറിഞ്ഞു വീഴുന്ന യുവാവിനെയാണ് കണ്ടത്;  ബസ്സിൽ അബോധാവസ്ഥയിലായ യുവാവിന് കരുതലുമായി സഹയാത്രികയായ നേഴ്സ്

മുന്നോട്ടു മാറി നിൽക്കാൻ ശ്രമിക്കുമ്പോൾ പിന്നിൽനിന്ന് ഒരാൾ തോണ്ടുന്നതു പോലെ തോന്നി; തിരിഞ്ഞു നോക്കിയപ്പോൾ പുറകിലോട്ടു മറിഞ്ഞു വീഴുന്ന യുവാവിനെയാണ് കണ്ടത്; ബസ്സിൽ അബോധാവസ്ഥയിലായ യുവാവിന് കരുതലുമായി സഹയാത്രികയായ നേഴ്സ്

സ്വന്തം ലേഖകൻ

കൊച്ചി; ബസ്സിൽ അബോധാവസ്ഥയിലായ യുവാവിന് കരുതലുമായി സഹയാത്രികയായ നേഴ്സ്. കൃത്യസമയത്തെ ഇടപെടലിൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് അങ്കമാലി അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിലെ നഴ്സ് അങ്കമാലി സ്വദേശിനി ഷീബ അനീഷ്. രാത്രി ജോലി കഴിഞ്ഞു രാവിലെ മടങ്ങുമ്പോൾ 16നു രാവിലെ 9.15നു കെഎസ്ആർടിസി ബസിലാണ് അപ്രതീക്ഷിത സംഭവമുണ്ടായതെന്നു ഷീബ പറയുന്നു.

തിരക്കുണ്ടായിരുന്നതിനാൽ പുരുഷൻമാരുടെ ഭാഗത്തു കൂടിയാണ് ബസിൽ കയറിയത്. മുന്നോട്ടു മാറി നിൽക്കാൻ ശ്രമിക്കുമ്പോൾ പിന്നിൽനിന്ന് ഒരാൾ തോണ്ടുന്നതു പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോഴാണ് കറുകുറ്റിയിൽനിന്നു കയറിയ യുവാവ് പുറകിലോട്ടു മറിഞ്ഞു വീഴുന്നതു കാണുന്നത്. പിന്നിലുണ്ടായിരുന്നവരോടു പിടിക്കാൻ പറഞ്ഞെങ്കിലും അതിനു മുൻപേ വീണു കഴിഞ്ഞിരുന്നു. കൂടെയുള്ളവരോടു സഹായം തേടി കാലു ഫുഡ്ബോഡിൽനിന്നു മാറ്റിവച്ചു കിടത്തി പൾസ് പരിശോധിച്ചെങ്കിലും ലഭിച്ചില്ല. ഓടുന്ന ബസിലായതു കൊണ്ടും പൾസ് കൃത്യം അറിയാൻ സാധിക്കാതെ വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൾസ് കിട്ടാതെ വന്നതോടെ സിപിആർ നൽകാനാണ് തോന്നിയത്. നൂറോ സർജറി ഐസിയുവിൽ ജോലി ചെയ്യുന്നതിനാൽ എപ്പോൾ വേണമെങ്കിലും അടിയന്തര ചികിത്സ നൽകാനുള്ള മനസ്സുമായാണ് ജീവിക്കുന്നതെന്ന് ഷീബ പറഞ്ഞു. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാമെന്നു പറഞ്ഞെങ്കിലും ബസ് നിർത്താൻ പറ്റില്ലെന്ന നിലപാടാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്നുമുണ്ടായത്. സഹയാത്രികരോട് ഫോൺ എടുത്തു തരാൻ പറഞ്ഞ് ആശുപത്രിയിലേക്കു വിളിച്ച് ഐസിയു ആംബുലൻസ് അയയ്ക്കാൻ നിർദേശം നൽകി.

ആദ്യ സിപിആർ കൊടുത്തതോടെ ആൾ അനങ്ങാൻ തുടങ്ങി. അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സിപിആർ ചെയ്തു. ഇതിനിടെ യുവാവ് ഫിറ്റ്സിന്റെ ലക്ഷണങ്ങൾ കാണിച്ചു. ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകൾ നൽകി. ഇതിനിടെ ഉണർന്ന യുവാവ് ആദ്യം അമ്പരന്നു. ‘എനിക്ക് എന്താണു പറ്റിയത്’ എന്നു ചോദിച്ചാണ് അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ കൊണ്ടു പോകണമെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അടുത്ത സ്റ്റോപ്പിൽ നിർത്താമെന്നാണു ബസ് ജീവനക്കാർ പറഞ്ഞത്.

അങ്കമാലിയിൽ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചു തുടർ ചികിത്സ നൽകുകയായിരുന്നു. അങ്കമാലി സ്വദേശി വിഷ്ണു(24) ആണ് ബസിൽ അബോധാവസ്ഥയിലായി ആശുപത്രിയിലായത്. ഇയാൾക്ക് ഹൃദ്രോഗം പോലെയുള്ള പ്രശ്നങ്ങളില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. രണ്ടാഴ്ച കഴിഞ്ഞു പരിശോധനകൾക്കായി എത്താനും നിർദേശം നൽകിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു.

എറണാകുളം മെഡിക്കൽ കോളജിൽ ഉൾപ്പടെ ജോലി ചെയ്തുള്ള അനുഭവ പരിചയമാണ് പെട്ടെന്നൊരു അടിയന്തര സാഹചര്യത്തിൽ ഇടപെടാനുള്ള ധൈര്യം നൽകിയതെന്ന് അവർ പറയുന്നു. ഇപ്പോൾ ഏഴു മാസമായി അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിൽ ന്യൂറോ സർജറി ഐസിയുവിലാണ് ജോലി. ഭർത്താവ് പി.എസ്.അനീഷ് പിറവം ചിൻമയ ഡീംഡ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് ഡയറക്ടറാണ്.